കാബൂൾ: കഴിഞ്ഞ ചൊവ്വാഴ്ച കാബൂളിലെ മാതൃശിശു ആശുപത്രിയിൽ തോക്കുധാരികൾ ആക്രമണം നടത്തി മണിക്കൂറുകൾ പിന്നിടുേമ്പാൾ ഫിറോസ യൂനുസ് ഉമർ എന്ന ധീരയായ യുവതി മറ്റൊരു ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. സ്ത്രീകളും നവജാത ശിശുക്കളുമടക്കം 24 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 20 നവജാത ശിശുക്കളെ പ്രവേശിപ്പിച്ച അത്താതുർക്ക് ആശുപത്രിയിലേക്കായിരുന്നു യാത്ര.
മൂന്ന് മണിക്കൂർ നേരം കൊണ്ട് അനാഥരായ നാലു നവജാത ശിശുക്കൾക്കാണ് 27കാരിയായ ആ അഫ്ഗാൻ യുവതി മുലയൂട്ടിയത്. ഈ കുഞ്ഞുങ്ങൾക്ക് മാതാക്കളെ വേണം. പക്ഷേ, അവർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതിനാൽ അവർക്ക് മുലയൂട്ടിയും പരിചരിച്ചും മാതാവിെൻറ റോളിലാണ് ഞാൻ -ഫിറോസ പറഞ്ഞു. ആക്രമണ വിവരമറിയുേമ്പാൾ നാലു മാസം പ്രായമായ മകനെ വീട്ടിൽ മുലയൂട്ടുകയായിരുന്നു. അനാഥരായ കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.
ആ കുഞ്ഞുങ്ങളെ ആശ്ലേഷിക്കുേമ്പാൾ മറ്റാരുടേയെങ്കിലും കുഞ്ഞാണെന്നെനിക്ക് തോന്നിയിരുന്നില്ല. സ്വന്തം കുഞ്ഞിന് മുലയൂട്ടന്നത് പോലെയായിരുന്നു. ഭൂമിയിലേക്ക് കണ്ണുമിഴിച്ച് വരുന്ന കുഞ്ഞുങ്ങളെപ്പോലും ഭീകരർ വെറുതെ വിടുന്നില്ലെന്നും ഫിറോസ പരിതപിച്ചു.
2017ൽ ഫിറോസയുടെ 33കാരനായ സഹോദരനും പിതാവും താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സഹോദരെൻറ ജന്മദിനത്തിലാണ് കൊല്ലപ്പെട്ടത്. പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്നവരുടെ വേദന എന്തെന്ന് തനിക്കറിയാമെന്നും അവർ പറഞ്ഞു. ഫിറോസയിൽ നിന്ന് ആവേശമുൾക്കൊണ്ട് അസീസ കിർമാനി ഉൾപ്പെടെയുള്ള വനിതകൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ ആശുപത്രിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.