യാങ്കോൻ: റാഖൈൻ, ചിൻ സംസ്ഥാനങ്ങളിലെ ജനതയെ ലക്ഷ്യമിട്ട് മ്യാൻമർ പട്ടാളം വ്യോമാക്രമണം നടത്തിയെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. കുട്ടികളും സാധാരണ പൗരൻമാരും ഇരകളായ സംഭവം യു.എൻ രക്ഷാസമിതി യുദ്ധക്കുറ്റമായി പരിഗണിച്ച് അന്വേഷിക്കണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു.
മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സൈന്യം നിരവധി ഗ്രാമങ്ങളിൽ ബോംബിട്ടത്. ഇതിൽ ഡസനിലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പുതിയ തെളിവുകൾ ലഭിച്ചതായി ആംനസ്റ്റി വ്യക്തമാക്കി.ബോംബാക്രമണത്തിന് ഇരകളായ നിരവധി പേരുടെ ബന്ധുക്കളുമായി സംഘടന സംസാരിച്ചിട്ടുണ്ട്. സൈന്യവും റാഖൈൻ ബുദ്ധിസ്റ്റ് ജനതയുടെ സായുധ ഗ്രൂപ്പായ ‘അരാകൻ ആർമി’യും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ബോംബാക്രമണം. ബുദ്ധിസ്റ്റ് റാഖൈനുകൾക്ക് കൂടുതൽ സ്വയംഭരണാധികാരം എന്നതാണ് ഇവരുടെ ആവശ്യം. ഇവിടുത്തെ രോഹിങ്ക്യൻ മുസ്ലിംകൾ കാലങ്ങളായി വംശഹത്യ ഭീഷണിയിലാണ്.
ജനുവരിയിൽ ‘അരാകൻ ആർമി’ പൊലീസ് പോസ്റ്റുകൾ ആക്രമിച്ചതിന് പിന്നാലെ, ഇവരെ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
മൂന്ന് വർഷം മുമ്പ് രോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തിൽ ലക്ഷക്കണിനാളുകൾക്കാണ് പലായനം ചെയ്യേണ്ടി വന്നത്. ഈ സംഭവത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.