ധാക്ക: ബംഗ്ലാദേശിൽ ആയിരക്കണക്കിന് പേർക്ക്് കോവിഡില്ലെന്ന വ്യാജ റിസൽറ്റ് നൽകിയ ആശുപത്രി മേധാവി അറസ്റ്റിൽ. മുഹമ്മദ് ശഹീദ് എന്നയാളാണ് ധാക്കയിലെ തെൻറ രണ്ടു ക്ലിനിക്കുകളിലായി നിരവധി പേരുടെ സ്രവം ശേഖരിച്ച് വ്യാജ റിസൽറ്റ് നൽകിയത്. വിവരം പുറത്തു വന്നതോടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ബുർഖ ധരിച്ച് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലുള്ള പുഴകടക്കുന്നതിനിടയിലാണ് പൊലീസിെൻറ വലയിലായത്.
വൻ തുക വാങ്ങി കോവിഡ് മുക്തമാണെന്നാണ് എല്ലാവർക്കും ഇയാൾ സർറ്റിഫിക്കറ്റ് നൽകിയിരിക്കുന്നത്. 6300 പേർക്ക് യാതൊരു പരിശോധനയും കൂടാതെയാണ് കോവിഡ് സർറ്റിഫിക്കറ്റ് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. കോവിഡ് പരിപാലനം സൗജന്യമായി നൽകാമെന്ന് അറിയിച്ച പ്രകാരം ഇയാളുടെ ആശുപത്രിക്ക് രോഗികളെ ചികിത്സിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
ഇത്തരത്തിൽ രാജ്യത്ത് വ്യാജ കോവിഡ് ചികിത്സയും ലബോറട്ടറികളും പെരുകിയതോടെ പൊലീസ് അന്വേഷണം കനപ്പിച്ചിരിക്കുകയാണ്. നേരത്തെ, ഡോക്ടർ ദമ്പതിമാരെ വ്യാജ്യ സർട്ടിഫിക്കറ്റ് നൽകിയതിന് പിടികൂടി ക്ലിനിക്കുകൾ പൊലീസ് അടപ്പിച്ചിരുന്നു.
വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി നിരവധി പേർ എത്തുന്നുവെന്ന് കണ്ടെത്തിയതോടെ ബംഗ്ലാദേശിൽ നിന്നും റോമിലേക്കുള്ള വിമാന സർവിസ് ഇറ്റലി നിർത്തിവെച്ചിരുന്നു. ലക്ഷം ബംഗ്ലാദേശി തൊഴിലാളികളാണ് ഇറ്റലിയിൽ വിവിധ ഭാഗങ്ങളിൽ ജോലിയിലുള്ളത്. ലോക്ഡൗൺ പിൻവലിച്ചതിനു ശേഷം രാജ്യത്ത് എത്തിയ ബംഗ്ലാദേശികളെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. വിദേശത്ത് ജോലിക്കു പോകുന്നവർ ഹാജറാക്കുന്ന കോവിഡ് സർട്ടിഫിക്കറ്റ് ശരിയാണോയെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ഇറ്റലി ആവശ്യപ്പെടുകയും ചെയ്തു. 1,96,323 കേസുകളും 2496 മരണങ്ങളുമാണ് ബംഗ്ലാദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.