ന്യൂഡൽഹി: രണ്ട് സൈനിക ഹെലികോപ്ടറുകളുടെയും 50 ഇന്ത്യൻ സൈനികരുടെയും സാന്നിധ്യം മേലിൽ ആവശ്യമില്ലെന്ന് ചൈനയുടെ സ്വാധീനത്തിലായ മാലദ്വീപ് ഭരണകൂടം. മാലദ്വീപിൽ പിടിമുറുക്കാൻ ഇന്ത്യയുമായി ചൈന വാശിയോടെ പിന്നാമ്പുറ മത്സരം നടത്തുന്നതിനിടയിലാണ് പുതിയ സംഭവവികാസം. അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനാണ് ഇന്ത്യ രണ്ട് സൈനിക ഹെലികോപ്ടറുകൾ വിട്ടുകൊടുത്തതെന്നും സ്വന്തംനിലക്ക് അതിനുള്ള ക്രമീകരണം ഉണ്ടാക്കിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി അതിെൻറ ആവശ്യമില്ലെന്നും ഇന്ത്യയിലെ മാലദ്വീപ് സ്ഥാനപതി അഹ്മദ് മുഹമ്മദ് പറഞ്ഞു.
പൈലറ്റുമാർ, സാേങ്കതിക വിദഗ്ധർ എന്നിവരടങ്ങുന്നതാണ് മാലദ്വീപിലെ ഇന്ത്യൻ സൈനിക സംഘം. അവരുടെ വിസ കാലാവധി ജൂണിൽ കഴിഞ്ഞു. എങ്കിലും, അവരെ പിൻവലിക്കാൻ ഇന്ത്യ തയാറായിട്ടില്ല.
മാലദ്വീപിൽ റോഡും പാലവും വലിയ വിമാനത്താവളങ്ങളുമൊക്കെ നിർമിച്ചുവരുകയാണ് ചൈന. പതിറ്റാണ്ടുകളായി മാലദ്വീപിന് സൈനികമായും അല്ലാതെയും അത്താണിയായിരുന്നു ഇന്ത്യ. എന്നാൽ, പ്രസിഡൻറ് അബ്ദുല്ല യമീെൻറ ഭരണകൂടം ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത് ചൈനയെയാണ്. രാഷ്ട്രീയ എതിരാളികളെ യമീൻ ഭരണകൂടം അമർച്ചചെയ്യുന്നതിനോടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനോടും ഇന്ത്യക്ക് എതിർപ്പായിരുന്നു. ഇന്ത്യ സൈനിക ഇടപെടൽ നടത്തണമെന്ന് പ്രസിഡൻറിെൻറ എതിരാളികൾ ഇന്ത്യയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതോടെ, അബ്ദുല്ല യമീൻ ഭരണകൂടം ചൈനയിലേക്ക് കൂടുതൽ ചാഞ്ഞു.
മുൻ പ്രസിഡൻറ് അബ്ദുൽ ഖയ്യൂമിനെയും സുപ്രീംകോടതി ജഡ്ജിമാരെയും മോചിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. സെപ്റ്റംബറിൽ തെരഞ്ഞെടുപ്പു നടത്തുന്നതിനും ഇന്ത്യ എതിരാണ്. അതിന് മുതിരുന്നതിനുമുമ്പ് നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ പക്ഷം. 1988ൽ അട്ടിമറിശ്രമം നടന്നപ്പോൾ സേനയെ അയച്ചുകൊടുത്തതടക്കം അബ്ദുൽ ഖയ്യൂമിന് ശക്തമായ പിന്തുണയാണ് ഇന്ത്യ നൽകിപ്പോന്നത്. 2011ലാണ് മാലദ്വീപിൽ ചൈന എംബസി തുറന്നത്. അതിവേഗം അവർ ബന്ധം വികസിപ്പിച്ചു. മാലദ്വീപിെൻറ ആഭ്യന്തരകാര്യങ്ങളിൽ മറ്റൊരു രാജ്യവും ഇടപെടാൻ പാടില്ലെന്ന നിലപാടും ചൈന പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സ്വാധീനം നിലനിർത്തുന്നതിനുള്ള നാവിക നയതന്ത്രത്തിെൻറ ഭാഗമായി മാലദ്വീപിനു പുറമെ മൊറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങൾക്കും ഇന്ത്യ ഹെലികോപ്ടറുകൾ, പട്രോൾ ബോട്ടുകൾ, ഉപഗ്രഹ സഹായം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, ചൈന താൽപര്യപൂർവം മാലദ്വീപിന് വായ്പ കൊടുത്ത് റോഡ്, തുറമുഖ നിർമാണങ്ങളിൽ സഹായിക്കുകയാണ്. ചില ദ്വീപുകളുടെ വികസന ചുമതല മാലദ്വീപ് ഇതിനകം ചൈനക്ക് കൈമാറിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.