ബെയ്ജിങ്: മാലദ്വീപ് പ്രശ്നത്തിൽ പരിഹാരസാധ്യത തേടി ഇന്ത്യയുമായി ചർച്ചക്ക് സന്നദ്ധത അറിയിച്ച് ചൈന. പ്രശ്നം മറ്റൊരു തർക്കവിഷയമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് ഇന്ത്യയുടെ സഹായം തേടുകയും സൈന്യത്തെ അയക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിനെ എതിർത്ത ചൈന മാലദ്വീപിൽ ഇപ്പോഴുണ്ടായ പ്രശ്നം അവർതന്നെ പരിഹരിക്കുമെന്നും മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തരപ്രശ്നത്തിൽ ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കുകയുണ്ടായി. ദോക്ലാം വിഷയത്തിലും പാകിസ്താനിലെ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിലെ അഭിപ്രായഭിന്നതയും ഇന്ത്യക്കും ചൈനക്കുമിടയിൽ വിള്ളലുണ്ടാക്കിയിരുന്നു. മാലദ്വീപിൽ ഇടപെട്ട് ആ പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ചൈനീസ് നിലപാട്.
മാലദ്വീപ് വിഷയത്തിൽ ചൈനയുടെ സ്വാധീനമറിഞ്ഞ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നിലപാട് മാറ്റിയത്. പ്രശ്നത്തിൽ ഇടപെടണമെന്നഭ്യർഥിച്ച് ഇന്ത്യയൊഴികെയുള്ള സൗഹൃദ രാജ്യങ്ങളിലേക്ക് മാലദ്വീപ് പ്രസിഡൻറ് അബ്ദുല്ല യമീൻ പ്രതിനിധികളെ അയച്ചിരുന്നു.
സാമ്പത്തിക വികസന മന്ത്രി മുഹമ്മദ് സഇൗദിനെയാണ് ചൈനയിലേക്കയച്ചത്. പ്രശ്നം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതിയും യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രശ്നം സങ്കീർണമായതായും യു.എൻ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.