ഹോങ്കോങ്: അമേരിക്കൻ ആക്രമണത്തിൽ ഇറാൻ ജനറൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അസം സ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുതിച്ചുയരുന്നു. വാർത്ത പുറത്തുവന്നതോടെ നാലു ശതമാനം വർധനയാണ് ഉണ്ടായത്. മേഖലയിൽ യുദ്ധഭീതി വർധിച്ചതാണ് എണ്ണ വില കൂടാൻ കാരണം. ബ്രൻറ് ക്രൂഡ്ഓയിൽ വില 4.4 ശതമാനം ഉയർന്ന് ബാരലിന് 69.16 അമേരിക്കൻ ഡോളറായി. വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് (ഡബ്ല്യു.ടി.ഐ) ക്രൂഡ് വില 4.3 ശതമാനം വർധിച്ച് 63.84 യു.എസ്. ഡോളറായി. മേഖലയെ മറ്റൊരു യുദ്ധത്തിലേക്ക് തള്ളിവിടാവുന്ന സംഭവവികാസങ്ങളാണ് നടന്നിരിക്കുന്നതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിന് മുമ്പ് കഴിഞ്ഞ സെപ്റ്റംബറിലാണ് എണ്ണവിലയിൽ വലിയ വർധനയുണ്ടായത്. പ്രമുഖ എണ്ണ ഉൽപാദകരായ സൗദിയിലെ അരാംകോക്ക് എതിരെ നടന്ന ആക്രമണത്തെ തുടർന്നായിരുന്നു ഇത്.
ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായ സമയത്തും എണ്ണവിപണിയിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. പുതിയ സാഹചര്യങ്ങൾ സ്വർണ്ണവിലയിൽ ഒരു ശതമാനം വർധനക്കും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.