മാലെ: മാലദ്വീപിൽ സമാധാനപരമായ അധികാര കൈമാറ്റത്തിനും ജനാധിപത്യം പുനഃസ്ഥാപിക്കാനും അന്താരാഷ്്ട്രസഹായം തേടി പ്രതിപക്ഷം. തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാൻ തയാറാവാത്ത പ്രസിഡൻറ് അബ്ദുല്ല യമീൻ രാഷ്ട്രീയ അട്ടിമറി നടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. നാലു പ്രതിപക്ഷ പാർട്ടികളുടെ സഖ്യമാണ് അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയത്. സൈനിക-പൊലീസ് മേധാവികൾ ടെലിവിഷനിലൂടെ യമീൻ അട്ടിമറിയിലൂടെ അധികാരം നിലനിർത്താൻ ശ്രമം തുടരുന്നതിനെതിരെ മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണിത്.
എന്നാൽ, ഏതുതരത്തിലുള്ള സഹായമാണ് ഉദ്ദേശിക്കുന്നെതന്ന് അവർ വ്യക്തമാക്കിയില്ല. നവംബർ 17നാണ് അധികാരക്കൈമാറ്റം. എന്നാൽ, ഒൗദ്യോഗിക ഫലപ്രഖ്യാപനം വൈകിപ്പിക്കാനായി യമീൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് ആ നീക്കത്തിനെതിരെ സൈനിക മേധാവി മേജർ ജനറൽ അഹ്മദ് ശിയം സ്വകാര്യ ടെലിവിഷനിലൂടെ മുന്നറിയിപ്പു നൽകിയത്. തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ജനങ്ങളുടെ ഹിതമാണെന്നും അത് സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വോെട്ടടുപ്പിൽ വ്യാപക ക്രമക്കേടു നടന്നതായി ആരോപിച്ച് യമീൻ തെരഞ്ഞെടുപ്പ് കമീഷനു നിരവധി പരാതികൾ നൽകിയതായി കമീഷൻ മേധാവി അഹ്മദ് ശരീഫ് സ്ഥിരീകരിച്ചു. അതെല്ലാം ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ താരതമ്യേന അപരിചിതമുഖമായ പ്രതിപക്ഷ സഖ്യത്തിെൻറ നോമിനി ഇബ്രാഹിം മുഹമ്മദ് സാലിഹ് ആണ് യമീനെ ഞെട്ടിച്ചത്.
മുൻ പ്രസിഡൻറ് മഅ്മൂൻ അബ്ദുൽ ഗയൂം ഉൾപ്പെടെയുള്ള രാഷ്ട്രീയത്തടവുകാരെ ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മോചനം യമീൻ വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഫലപ്രഖ്യാപനത്തിനു ശേഷം അഞ്ചു തടവുകാരെ യമീൻ മോചിപ്പിച്ചിരുന്നു.
സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണം
നവംബറിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് നിയുക്ത പ്രസിഡൻറ് ഇബ്രാഹിം മുഹമ്മദ് സാലിഹ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമാണ് മോദിയെ ഫോണിൽ വിളിച്ച് സാലിഹ് ക്ഷണിച്ചതെന്ന് മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോദി, സാലിഹിനെ ഇന്ത്യയിലേക്കും ക്ഷണിച്ചു. നിലവിൽ മോദി സന്ദർശിക്കാത്ത ഏക സാർക് രാഷ്ട്രമാണ് മാലദ്വീപ്. 2015ൽ രാജ്യം സന്ദർശിക്കാൻ തീരുമാനിച്ചെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
മുഹമ്മദ് നശീദിെൻറ ഭരണകാലത്ത് നല്ല ബന്ധത്തിലായിരുന്നുവെങ്കിലും അബ്ദുല്ല യമീൻ പ്രസിഡൻറായപ്പോൾ ഇന്ത്യയുമായി ഇടഞ്ഞു. പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുകയും രാജ്യത്ത് ഏകപക്ഷീയമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത യമീെൻറ നടപടിയെ ഇന്ത്യ വിമർശിച്ചിരുന്നു. രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ച് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.