ഇസ്ലാമാബാദ്: ചികിത്സക്കായി ലണ്ടനിലേക്ക് പോയ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാ സ് ശരീഫിനെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ‘ഒളിച്ചോട്ട’ക്കാരനായി പാകി സ്താൻ സർക്കാർ പ്രഖ്യാപിച്ചു. ലണ്ടനിൽ നിന്നുള്ള ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർ ട്ട് ഹാജരാക്കാത്തതിനെ തുടർന്നാണ് നടപടി. പ്രധാനമന്ത്രി ഇംറാൻ ഖാെൻറ നേതൃത്വത്തിൽ ചേർന്ന പാക് മന്ത്രിസഭയാണ് തീരുമാനമെടുത്തത്.
ലണ്ടനിലെ ഏതെങ്കിലും ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ ശരീഫ് പരാജയപ്പെടുകയും അദ്ദേഹം അയച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് മെഡിക്കൽ ബോർഡ് തള്ളുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തെ ഒളിച്ചോട്ടക്കാരനായി പ്രഖ്യാപിച്ചതെന്ന് വാർത്താവിനിമയ മന്ത്രി ഫിർദൗസ് ആശിഖ് അവാൻ പറഞ്ഞു.
ഇന്നുമുതൽ അദ്ദേഹം നിയമത്തിന് മുന്നിൽ ഒളിച്ചോട്ടക്കാരനാണ്. രാജ്യത്തേക്ക് മടങ്ങിയില്ലെങ്കിൽ കുറ്റവാളിയായാണ് പരിഗണിക്കുകയെന്നും അവർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് ശരീഫിെൻറ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇസ്ലാമാബാദ് ഹൈകോടതി ചുമതലപ്പെടുത്തിയ പഞ്ചാബ് പ്രവിശ്യ സർക്കാർ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിന് ഗുരുതര അസുഖമുണ്ടെങ്കിൽ സമഗ്രമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്നും അവാൻ ചോദിച്ചു.
അഴിമതിക്കേസിൽ 10 വർഷം തടവ് ശിക്ഷയനുഭവിക്കുന്ന നവാസ് ശരീഫിന് വിദഗ്ധ ചികിത്സക്കായി ലണ്ടനിൽ പോകാൻ കഴിഞ്ഞ വർഷം നവംബർ നാലിനാണ് ലാഹോർ ഹൈകോടതി അനുമതി നൽകിയത്. ഇത് ഡിസംബർ 24ന് അവസാനിച്ചിരുന്നു. അതേസമയം, നവാസ് ശരീഫിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും അദ്ദേഹത്തിെൻറ ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.