ജറൂസലം: ഫലസ്തീന്‍ വത്തിക്കാനില്‍ എംബസി തുറക്കുന്നു. ഇതു സംബന്ധിച്ച് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ചര്‍ച്ച നടത്തി. ആദ്യമായാണ് ഒരു യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യത്ത് ഫലസ്തീന്‍ എംബസി തുറക്കാനൊരുങ്ങുന്നത്. മഹത്തായ നേട്ടമാണിതെന്ന് വത്തിക്കാനിലെ ഫലസ്തീന്‍ അംബാസഡര്‍ ഇസ്സ കാസ്സിസീഹ് അഭിപ്രായപ്പെട്ടു.
സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീന്‍െറ വാദത്തിന് പിന്തുണ നല്‍കുന്ന വത്തിക്കാന്‍ ഇസ്രായേലുമായും സൗഹാര്‍ദബന്ധമാണ് പുലര്‍ത്തുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് 70 രാഷ്ട്രപ്രതിനിധികള്‍ ഞായറാഴ്ച പാരിസില്‍ സമ്മേളിക്കാനിരിക്കുന്നതിനിടെയാണ് സംഭവം. നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമ്മേളനം നടക്കുക എന്നതും ശ്രദ്ധേയം.
ഇസ്രായേലിനോട് ചായ്വുള്ള തീവ്രവലതുപക്ഷ ചിന്താഗതി പുലര്‍ത്തുന്ന ഡേവിഡ് ഫ്രീഡ്മാനെ ഇസ്രായേല്‍ അംബാസഡറായി നാമനിര്‍ദേശം ചെയ്യുകയും ചെയ്തിരുന്നു. തെല്‍ അവീവില്‍നിന്ന് യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. അതേസമയം തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള ട്രംപിന്‍െറ നീക്കം സമാധാനശ്രമങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് അബ്ബാസ് ചൂണ്ടിക്കാട്ടി. എന്താണ് സംഭവിക്കുകയെന് നിരീക്ഷിക്കുകയാണെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അവസാന അവസരമാണ് പാരിസിലെ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവയുള്‍പ്പെടുത്തി കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം രൂപവത്കരിക്കണമെന്നാണ് ഫലസ്തീന്‍െറ ആവശ്യം. എന്നാല്‍, ഈ മേഖല തങ്ങളുടേതാണെന്നാണ് ഇസ്രായേലിന്‍െറ അവകാശവാദം. യു.എസും യു.എന്‍ അംഗരാജ്യങ്ങളും ഇസ്രായേലിന്‍െറ വാദം അംഗീകരിക്കുന്നില്ല. ഈ മേഖലകള്‍ 1967ലാണ് ഇസ്രായേല്‍ പിടിച്ചെടുത്തത്. പ്രശ്നം പരിഹരിക്കാന്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
2014ല്‍ യു.എസിന്‍െറ മധ്യസ്ഥതയിലാണ് ഒടുവില്‍ ചര്‍ച്ച നടന്നത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഫലസ്തീന്‍-ഇസ്രായേല്‍ നേതാക്കളെ പങ്കെടുപ്പിക്കാനായിരുന്നു ഫ്രാന്‍സിന്‍െറ തീരുമാനം. എന്നാല്‍ ഇസ്രായേലിനെ അട്ടിമറിക്കുന്ന ചര്‍ച്ചക്കില്ളെന്നു പറഞ്ഞ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പിന്മാറുകയായിരുന്നു.
കിഴക്കന്‍ ജറൂസലമിലും വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ നടത്തിയ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ യു.എന്‍ കഴിഞ്ഞമാസം പ്രമേയം പാസാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.