ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്വാൻ പ്രവിശ്യയിലെ കർഷകദമ്പതികളായിരുന്നു കാങ് യിങിനെ ദത്തെടുത്തത്. അവരവളെ സ്വന്തം മകളെപോലെ വളർത്തി. ഒരിക്കൽ തെൻറ യഥാർഥ മാതാപിതാക്കളെക്കുറിച്ച് അവൾ അവരോട് ചോദിച്ചു. നാലാംവയസ്സിൽ തെരുവിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ തങ്ങൾക്കവളെ കിട്ടിയതെന്ന് അവർ അവളെ ധരിപ്പിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ കാങ്ങിന് 28 വയസ്സ് തികഞ്ഞു.
തന്നെക്കുറിച്ചുള്ള കഥകൾ പൂർണമല്ലെന്ന് അവൾ മനസ്സിലാക്കി. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ കാങ് തെൻറ സ്വന്തം അമ്മയെക്കുറിച്ച് വ്യാകുലപ്പെട്ടു. 20 വർഷം മുമ്പ് കുട്ടികൾ നഷ്ടപ്പെട്ടവരെക്കുറിച്ച് അവൾ ഒാൺലൈനിൽ പരതി. അപ്പോഴാണ് 24 വർഷം മുമ്പ് കാണാതായ തങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ചെങ്ദു പ്രവിശ്യയിലെ ദമ്പതികൾ നൽകിയ ഒരു പരസ്യം അവളുടെ ശ്രദ്ധയിൽപെട്ടത്. ടാക്സി ഡ്രൈവറായിരുന്ന പിതാവ് നഷ്ടപ്പെട്ടുപോയ മകളെ കണ്ടെത്താൻ ഒരുപാട് ശ്രമിച്ചു. കാറിലെ യാത്രക്കാരോടെല്ലാം അവളുടെ ഒാർമകൾ പങ്കുവെച്ചു. അവസാനശ്രമമെന്ന നിലക്കാണ് ഒാൺലൈനിൽ പരസ്യം നൽകിയത്.
ആ പരസ്യത്തിനുതാഴെ നൽകിയ ഫോൺ നമ്പർ വിളിച്ചു. അതിനുശേഷം ചെങ്ദുവിേലക്ക് വിമാനമാർഗം അവരെ കാണാനായി പോയി. അങ്ങനെ 24 വർഷങ്ങൾക്കുശേഷം കാങ്ങിന് തെൻറ അച്ഛനെയും അമ്മയെയും തിരിച്ചുകിട്ടി. പൊതുജനമധ്യത്തിലായിരുന്നു ആ പുനഃസമാഗമം. വീണ്ടും കാങ് അവരെ കാണാനെത്തി. മകൾക്കായി അമ്മ വിഭവസമൃദ്ധമായ ഭക്ഷണം തയാറാക്കി വെച്ചു. ചൈനയിൽ ഇത്തരത്തിൽ നിരവധി ദമ്പതിമാർക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, വളരെ അപൂർവമായാണ് അവരുടെ പുനഃസമാഗമം നടക്കാറുള്ളൂ.
പ്രതിവർഷം 50,000 ത്തിനും 200000 ത്തിനുമിടെ കുട്ടികളെ ചൈനയിൽ കാണാതാവുന്നുവെന്നാണ് കണക്ക്. കൂടുതൽ കേസുകളിലും കുട്ടികളെ ഉപേക്ഷിച്ചതാണ്. ചൈന പിന്തുടർന്നിരുന്ന ഒറ്റക്കുട്ടി നയം, കൂടുതൽ കുട്ടികളെ വളർത്താനുള്ള സാമ്പത്തികപ്രയാസങ്ങൾ, ആൺകുട്ടികൾക്ക് നൽകുന്ന പ്രാധാന്യം തുടങ്ങി കാരണങ്ങൾ പലതാണ്. ചില കുട്ടികളെ ഏജൻറുമാർ തട്ടിക്കൊണ്ടുപോയി രാജ്യത്തെതന്നെ കുട്ടികളില്ലാതെ കഴിയുന്ന ദമ്പതികൾക്ക് വലിയ വിലക്ക് വിൽക്കും. ആൺകുട്ടികൾക്ക് അധിക വില ഇൗടാക്കും. 1994ൽ ചെങ്ക്ദുവിലെ മാർക്കറ്റിൽ സാധനങ്ങൾ വിൽക്കാൻ പോയ സമയത്താണ് വാങ് മിൻക്വിങ്- ലിയു ഡെൻഗ്വിങ് ദമ്പതികൾക്ക് മകളെ നഷ്ടപ്പെട്ടത്. മാർക്കറ്റിലുടനീളം അവർ കാങ്ങിനെ അന്വേഷിച്ചെങ്കിലും കണ്ടെതാനായില്ല. അന്നവൾക്ക് നാലുവയസ്സായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.