സോൾ: ദക്ഷിണ കൊറിയയിൽ പത്തു വർഷമായി നിലനിൽക്കുന്ന കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം. ചൊവ്വാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടതു അനുകൂല ഡെമോക്രാറ്റിക് പാർട്ടിയുടെ മൂൺ ജെ ഇൻ വൻ വിജയം കൈവരിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. മൂണിന് 41.4 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പറയുന്നത്. കൺസർവേറ്റിവ് പാർട്ടിയുടെ (ലിബർട്ടി കൊറിയ പാർട്ടി) ജൂൺ പ്യൂ 23.3ഉം മറ്റൊരു പ്രധാന സ്ഥാനാർഥിയായ ആൻ ഷിയോൽ സൂവിന് 21.8ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ, അഭിപ്രായ സർവേകൾ മൂണിന് 38 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്.
അഴിമതി ആേരാപണത്തെ തുടർന്ന് പാർക് ജ്യൂ ഹെ ഇംപീച്ച്മെൻറിലൂടെ പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് ദക്ഷിണ കൊറിയയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കൺസർവേറ്റിവ് ഭരണത്തിന് അന്ത്യംകുറിക്കുന്നുവെന്നതിനുപരി പാരമ്പര്യ വൈരികളായ ഉത്തര കൊറിയയോടുള്ള സമീപനത്തിലും മൂൺ പ്രസിഡൻറാകുന്നതോടെ മാറ്റംവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു പതിറ്റാണ്ടായി സാേങ്കതികമായി യുദ്ധത്തിലുള്ള ഉത്തര കൊറിയയോട് മൂണിന് മൃദുസമീപനമാണുള്ളത്.
കൺസർവേറ്റിവ് പാർട്ടികളുടെ കടുത്ത നിലപാട് ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങൾ വർധിപ്പിക്കുകയേയുള്ളൂവെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം 64കാരനായ മൂൺ പ്രകടിപ്പിച്ചിരുന്നത്. ആണവായുധ പരീക്ഷണങ്ങൾ നടത്തി ഉത്തര കൊറിയ ലോകത്തെ വെല്ലുവിളിച്ച സാഹചര്യത്തിലും ഇൗ നിലപാട് ജനങ്ങൾ അംഗീകരിച്ചുവെന്നാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. മുൻ പ്രസിഡൻറ് പാർക്കിെൻറ പേരിലുള്ള അഴിമതിയും പരാജയപ്പെട്ട സാമ്പത്തിക പരിഷ്കരണങ്ങളും കൺസർവേറ്റിവ് പാർട്ടിക്ക് തിരിച്ചടിയായി.
സമീപകാലത്തെ ഏറ്റവും വലിയ പോളിങ്ങാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്-63.7 ശതമാനം. വോെട്ടടുപ്പിനായി പതിനാലായിരത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. രാവിലെ ആറിന് തുടങ്ങിയ വോെട്ടടുപ്പ് വൈകീട്ട് എട്ടിന് അവസാനിച്ചു. തുടർന്ന്, ഏതാനും സമയത്തിനകം എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. ഒൗദ്യോഗിക ഫലപ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.