മസ്കസ്: വടക്കൻ സിറിയയിൽനിന്ന് യു.എസ് സൈനികരെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ ിൻവലിച്ചതിനു പിന്നാലെ കുർദ് സേന റഷ്യൻ പിന്തുണയുള്ള സിറിയൻ ഔദ്യോഗിക സേനയുമായി സഖ്യത്തിൽ. ആറു ദിവസമായി തുർക്കി സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് ഇതുവരെയും കടുത്ത ശത്രുക്കളായിരുന്ന കുർദുകളും സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദും ഒന്നിക്കുന്നത്. സഖ്യകരാറിൽ ഒപ്പുവെച്ചതോടെ സിറിയൻ സേന വർഷങ്ങൾക്കിടെ ആദ്യമായി വടക്കൻ അതിർത്തിയിലെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ തുർക്കി ആക്രമണം നടത്തിയ റാസ് അൽഐനിനു സമീപം തൽ തമറിലാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ റാസ് അൽഐനിലേക്കും സേനാ വിന്യാസമുണ്ടാകുമെന്നാണ് സൂചന. ഇതോടെ, തുർക്കിക്കെതിരായ പോരാട്ടത്തിൽ കുർദുകൾക്കൊപ്പം സിറിയയുടെ ഔദ്യോഗിക സേന അണിനിരക്കും. വർഷങ്ങളായി ഐ.എസ് വിരുദ്ധ പോരാട്ടത്തിനെന്ന പേരിലാണ് 1000 ഓളം യു.എസ് സൈനികർ കുർദുകൾക്കൊപ്പം മേഖലയിൽ തമ്പടിച്ചിരുന്നത്. ബശ്ശാർ അൽഅസദിനെതിരായ നീക്കങ്ങളിൽ യു.എസ് ആശ്രയിച്ചിരുന്നതും ഈ സേനയെയാണ്. കഴിഞ്ഞ ദിവസം പൊടുന്നനെ സൈനിക പിൻമാറ്റത്തിന് ട്രംപ് ഉത്തരവിടുകയായിരുന്നു.
ഇതോടെ, തുർക്കിയിലെ സിറിയൻ അഭയാർഥികൾക്ക് സുരക്ഷിത മേഖലയൊരുക്കാനെന്ന പേരിൽ അതിർത്തി കടന്ന് തുർക്കി സേന വിന്യാസം ശക്തമാക്കി. തന്ത്രപ്രധാനമായ റോഡുകൾ പിടിച്ചെടുത്തും പതിനായിരങ്ങളെ അഭയാർഥികളാക്കിയുമുള്ള സൈനിക നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. അമേരിക്കൻ രഹസ്യ പിന്തുണയോടെയാണ് തുർക്കി നീക്കമെന്ന് സൂചനയുണ്ട്. ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
യൂറോപ്യൻ രാജ്യങ്ങൾ ഉൾപെടെ തുർക്കിക്കെതിെര ഉപരോധ ഭീഷണിയുമായി രംഗത്തുണ്ട്. കുർദ് തീവ്ര സംഘടനയായ വൈ.പി.ജി മിലീഷ്യകളെ തുരത്താനെന്നാണ് തുർക്കി വാദമെങ്കിലും നടപടി ഐ.എസിന് കൂടുതൽ ശക്തി പ്രാപിക്കാൻ സഹായകമാകുമെന്ന ആശങ്ക ശക്തമാണ്.
വർഷങ്ങളായി നിയന്ത്രണം തിരിച്ചുപിടിക്കാൻ പ്രയാസപ്പെടുന്ന വടക്കൻ സിറിയയിൽ പുതിയ സേന വിന്യാസം ബശ്ശാർ അൽഅസദിന് ആശ്വാസമാകും. സിറിയയുടെ പല ഭാഗങ്ങളിലും നിയന്ത്രണം ഏറ്റെടുക്കാൻ ആയെങ്കിലും നേരത്തെ ഐ.എസും ഇപ്പോൾ കുർദുകളും കൈവശം വെക്കുന്ന ഈ മേഖലകൾ ബശ്ശാറിന് വഴങ്ങിയിരുന്നില്ല. കുർദുകൾ സ്വയംഭരണം പ്രഖ്യാപിച്ച മേഖലകൾ കൂടിയാണിത്. പുതിയ കരാർ പ്രകാരം ഔദ്യോഗിക സേന എത്തുന്നതോടെ സിറിയയുടെ പൂർണ നിയന്ത്രണം ബശ്ശാറിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.