ബാങ്കോക്: തായ്ലൻഡിനെയും ലോകത്തെയും ഭീതിയിൽ നിർത്തി 30 പേരെ തോക്കിന് ഇരയാക്കി യ പട്ടാളക്കാരനെ 17 മണിക്കൂറിനു ശേഷം വെടിവെച്ചുകൊന്നു. വടക്കുകിഴക്കൻ പട്ടണമായ രച് ചസിമയിലെ ഷോപ്പിങ് മാളിൽ ജനങ്ങളെ ബന്ദികളാക്കി പട്ടാളക്കാരനായ ജക്രപന്ത് തോമ്മ നടത്തിയ വെടിവെപ്പിൽ 57 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം ശനിയാ ഴ്ച വൈകീട്ട് 3.30 മുതൽ ഞായറാഴ്ച രാവിലെ 9.00 വരെ നീണ്ടുനിന്ന വെടിവെപ്പിനിടെ രണ്ടു പട്ടാളക്കാരും ഒരു കുട്ടിയും അടക്കമുള്ളവരെയാണ് കൊലപ്പെടുത്തിയത്. സുരക്ഷസേന അംഗവും മരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് ആക്രമിയെ തായ് സൈന്യത്തിലെ ഷാർപ്ഷൂട്ടർമാർ വെടിവെച്ചുകൊന്നതോടെയാണ് ഭീതിക്ക് അവസാനമായത്.
32കാരനായ ജക്രപന്ത് തോമ്മയുടെ അമ്മയെ കൊണ്ടുവന്ന് അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് തായ്ലൻഡ് സൈന്യം വെടിവെച്ചുകൊന്നത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെ ജക്രപന്ത് കമാൻഡിങ് ഓഫിസർ കേണൽ അനന്തരോട്ട് ക്രാസീയെയും ഭാര്യാമാതാവിനെയും സൈനിക ബാരക്കിൽ വെടിവെച്ചുകൊല്ലുകയും ആയുധങ്ങളും വെടിയുണ്ടകളുമായി തുറന്ന സൈനിക ജീപ്പിൽ രക്ഷപ്പെടുകയും ചെയ്തു. വൈകീട്ട് ആറോടെയാണ് ടെർമിനൽ 21 എന്ന ഷോപ്പിങ് കോംപ്ലക്സിലെത്തിയത്. വഴിയിൽ കണ്ടവർക്കെല്ലാം നേരെ വെടിയുതിർത്ത ശേഷം തോക്ക് ഉയർത്തിപ്പിടിച്ച് ഷോപ്പിങ് മാളിൽ പ്രവേശിക്കുകയും ആളുകളെ ബന്ദികളാക്കുകയുമായിരുന്നു. ഫേസ്ബുക്കിലൂടെ ആക്രമണം തത്സമയം ആക്രമി പുറത്തുവിട്ടുകൊണ്ടിരുന്നു.
7.20ഓടെ നാലാം നിലയിലെത്തിയ ഇയാൾ ജനത്തെ ബന്ദികളാക്കിയ േശഷം ‘ക്ഷീണിതനാണെന്നും വിരലുകൾ ചലിപ്പിക്കാൻ പോലും ആകുന്നില്ലെന്നും’ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതിനിടെ ആക്രമണത്തിൽ 16 പേർ മരിച്ചിരുന്നു. രാത്രി 10.05ഓടെ ഷോപ്പിങ് മാളിൽ വെടിവെപ്പുണ്ടായി. രാത്രി 10.50ഓടെ ജക്രപന്തിെൻറ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും 11.09ഓടെ രക്ഷാപ്രവർത്തനത്തിെൻറ ചുമതല സൈന്യം ഏറ്റെടുക്കുകയും ചെയ്തു.
രാത്രി 11.35ന് ഒന്നാം നിലയിലുള്ളവരെ സുരക്ഷിതമായി പുറത്തിറക്കാൻ സൈന്യത്തിനായി. അധികം വൈകാതെ രണ്ടും മൂന്നും നിലകളിൽ കുടുങ്ങിയവരും പുറത്തെത്തി. രാത്രി 11.50ഓടെ മരണസംഖ്യ 20 ആയി ഉയർന്നു. പുലർച്ച 2.47ന് വീണ്ടും വെടിവെപ്പുണ്ടാകുകയും പ്രത്യേക ഓപറേഷൻ സംഘം കെട്ടിടത്തിൽ പ്രവേശിക്കുകയും െചയ്തു. ഇതിനിടെ സുരക്ഷസേന അംഗവും ആക്രമിയുടെ തോക്കിന് ഇരയായി.
ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് ആക്രമിയെ സുരക്ഷസേന വെടിവെച്ചുകൊന്നതും ബന്ദികളാക്കിയവരെ മോചിപ്പിച്ചതും. ഉച്ചക്ക് 12.30ഓടെ പരിക്കേറ്റവരെ സന്ദർശിച്ച തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓച ആക്രമിയെ പ്രകോപിപ്പിച്ചത് വസ്തുസംബന്ധമായ പ്രശ്നമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.