തെൽഅവീവ്: കോവിഡ് നിയന്ത്രണങ്ങളിൽ പൊറുതി മുട്ടി ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ. കോവിഡ് ലോക്ഡൗണിലുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികൾ താഴെതട്ടിലേക്കെത്തുന്നില്ലെന്ന് ആരോപിച്ചാണ് ജനം തെൽഅവീവിലെ റബിൻ സ്ക്വയറിൽ ഒത്തുകൂടിയത്.
സർക്കാർ ലോക്ഡൗൺ കാലയളവിൽ പ്രഖ്യാപിച്ച സഹായ സ്കീമുകളൊന്നും ഗുണഭോക്താക്കളിലേക്ക് പൂർണമായി എത്തിയിട്ടില്ലെന്ന് പ്രക്ഷോഭകർ പറയുന്നു. തൊഴിലാളികളും ചെറുകിട സംരംഭകരും, കലാകാരന്മാരുമായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിൽ അധികവും.
ബിൻ സ്ക്വയറിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് എത്തിയ പ്രക്ഷോഭകർ പൊലീസുമായി കൊമ്പുകോർത്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രക്ഷോഭകരുമായി സംസാരിച്ചതായും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് മഹാമാരി ഭീതി നിലനിൽക്കെ സർക്കാറിനെ വെല്ലുവിളിച്ച് നടത്തിയ പ്രക്ഷോഭം അധികാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ‘ആരോഗ്യ ഭീകരവാദ പ്രവർത്തനം’ എന്നാണ് ആരോഗ്യമന്ത്രാലയം പ്രതിഷേധ സംഗമത്തെ വിശേഷിപ്പിച്ചത്.
കോവിഡ് കാരണം എട്ടു ലക്ഷത്തോളം ആളുകൾക്ക് രാജ്യത്ത് ജോലി നഷ്ടമായതായാണ് കണക്ക്. ചെറുകിട സംരംഭകരെയും കൂലിത്തൊഴിലാളികളെയുമാണ് ലോക്ഡൗണും പിന്നാലെയുള്ള കോവിഡ് നിയന്ത്രണങ്ങളും കാര്യമായി ബാധിച്ചത്. 40,000ത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് 358 മരണങ്ങളാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.