ദമസ്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിലെ ഇദ്ലിബിൽ കോവിഡ് സ്ഥിരീകരിച്ചു. സിറിയ-തുർക്കി അതിർത്തി പ്രദേശത്ത് മൂന്ന് ഡോക്ടർമാർക്കും ഒരു നഴ്സിനുമാണ്
രോഗം ബാധിച്ചത്. എവിടെ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്ന് വ്യക്തമല്ല. ഇതോടെ, യുദ്ധാനന്തര ഭീകരത ഏറ്റുവാങ്ങിയ ഇദ്ലിബിലെ ഈ പ്രദേശത്ത് രോഗം അതിവേഗം വ്യാപിക്കുമെന്ന ആശങ്കയിലാണ് േലാകാരോഗ്യ സംഘടന. വീടും നാടും നഷ്ടമായ നിരവധി പേർ തമ്പുകൾ കെട്ടി തിങ്ങിപ്പാർക്കുകയാണ് ഇവിടെ.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി തന്നെ ഡോക്ടർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. അതിർത്തിയിലെ ബാബ് അൽ ഹവ്വ ആശുപത്രിയിലെ ഡോക്ടറാണ് ഇയാൾ. തുർക്കിയിൽ നിന്നാണ് രോഗം എത്തിയതെന്ന് ആരോഗ്യപ്രവർത്തകർ സംശയിക്കുന്നു. 21 ലക്ഷത്തോളം രോഗികളുള്ള തുർക്കിയിൽ 5266 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ഇതോടെ ജൂൺ 25 മുതൽ ബാബ് അൽ ഹവ്വ ആശുപത്രിയിലെത്തിയ രോഗികളെയും മറ്റും ക്വാറൻറീനിലാക്കിയിട്ടുണ്ട്.
ആദ്യ കേസുമായി ബന്ധപ്പെട്ടതാണ് ഇദ്ലിബിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേസുകളെന്ന് ഇടക്കാല സർക്കാറിലെ ആരോഗ്യ വിഭാഗം തലവൻ മർആം അൽ ഷെയ്ഖ് പറഞ്ഞു.
കോവിഡ് പശ്ചാതലത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ദ്രുതകർമ്മ സേനയെ ഇടക്കാല സർക്കാർ നിയോഗിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര സംഘർഷങ്ങൾ അണയാത്തതിനാൽ ഒന്നും ഫലപ്രദമാകുന്നില്ല. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാണ് ആരോഗ്യപ്രവർത്തനങ്ങൾ രാജ്യത്ത് പുരോഗമിക്കുന്നത്.
ആഭ്യന്തര യുദ്ധം കാരണം പത്തുലക്ഷത്തോളം കുടുംബങ്ങൾക്ക് വീടുകൾ നഷ്ടമായ ഇവിടങ്ങളിൽ രോഗം വ്യാപിച്ചാൽ നിയന്ത്രണ വിധേയമാക്കാൻ കഴിയില്ലെന്ന് ബന്ധപെട്ടവർ പറയുന്നു. നേരത്തെ, ആഭ്യന്തര യുദ്ധത്താൽ തകർന്ന സിറിയ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ കോവിഡ് രോഗം വ്യാപകമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു. സിറിയയിൽ 417 കേസുകളും മൂന്ന് മരണവുമാണ് ഇതുവരെ പുറത്തു വന്ന റിപ്പോർട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.