ക്വിറ്റോ: ഇക്വഡോറിലെ ജയിലിൽ മയക്കുമരുന്ന് സംഘങ്ങൽ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 116 തടവുകാർ കൊല്ലപ്പെട്ടു. ഇതിൽ അഞ്ച് പേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ജയിൽ സംഘർഷമാണിതെന്ന് അധികൃതർ പ്രതികരിച്ചു.
അന്തർദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള തടവുകാരെയാണ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ ആധിപത്യം നേടുന്നതിന്റെ ഭാഗമായാണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. കലാപം ആസൂത്രിതമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കും. ഇക്വഡോറിൽ ഇപ്പോൾ പ്രവർത്തിക്കുന്ന മെക്സിക്കൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജയിലിലെ സ്ഥിതി ഭയാനകമാണെന്ന് ജയിൽ സർവീസ് ഡയറക്ടർ ബൊളിവർ ഗാർസൺ പറയുന്നു.
ഗ്വായാക്വിൽ നഗരത്തിലെ ജയിലിൽ ചൊവ്വാഴ്ചയാണ് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗം തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടത് എങ്കിലും ബോംബും കത്തിയും യഥേഷ്ടം ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലില്‍ 80 തടവുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാനൂറോളും പോലീസുകാരും സൈന്യവും ചേർന്നു ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. തടവുകാർ ഗ്രനേഡുകൾ എറിഞ്ഞതായി പോലീസ് കമാൻഡർ ഫസ്റ്റോ ബ്യുണാനോ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ജയിൽമുറ്റത്ത് നിരവധി മൃതശരീരങ്ങൾ തലങ്ങും വിലങ്ങും ചിതറികിടക്കുന്നത് കാണാം. ജയിലിലെ പൈപ്പുകളിൽ പോലും മൃതദേഹങ്ങൾ ഉണ്ടെന്ന് പോലീസ് കമാൻഡർ ഫസ്റ്റോ ബ്യുണാനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.