വലൻസിയ: കിഴക്കൻ സ്‌പെയിനിലെ വലൻസിയയിലുണ്ടായ മിന്നൽ പ്രളയത്തിൽ 64 മരണം. നിരവധി കെട്ടിടങ്ങൾ ഭാഗികമായി തകരുകയും വാഹനങ്ങൾ ഒഴുകിപോകുകയും ചെയ്തു. ചൊവ്വാഴ്ച പെയ്ത മഴയിൽ മലാഗ മുതൽ വലൻസിയ വരെ വ്യാപിച്ചുകിടക്കുന്ന തെക്ക്-കിഴക്കൻ സ്പെയിനിന്റെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി.
കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഇതേത്തുടർന്നുണ്ടായത്. രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് പലരും രാത്രി കാറുകൾക്ക് മുകളിലാണ് ചെലവഴിച്ചത്. നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി.
മലാഗക്ക് സമീപം 300 ഓളം പേരുമായി ഒരു അതിവേഗ ട്രെയിൻ പാളം തെറ്റി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. വലൻസിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവീസ് തടസപ്പെട്ടു.
പ്രതികൂല കാലാവസ്ഥ കാരണം ഏതാനും ഫുട്ബാൾ മത്സരങ്ങളും മാറ്റിവെച്ചു. ഒന്നരലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങി. സ്‌പെയിനിലെ എമർജൻസി റെസ്‌പോൺസ് യൂനിറ്റുകളിൽ നിന്ന് ആയിരത്തിലധികം സൈനികരെ പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.
സ്പെയിനിലെ സ്വയം ഭരണ പ്രദേശമായ കാസ്റ്റില്ല ലാ മഞ്ചയിൽ ആറുപേരെ കാണാതായതായി മേയർ സെർജിയോ മാരിൻ സാഞ്ചസ് പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ യൂറോപ്പ് സന്നദ്ധമാണെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള പറഞ്ഞു. ദുരന്തബാധിതർക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.