ലണ്ടൻ: ടെക് കമ്പനികളിലേക്ക് വിദേശത്തുനിന്നുള്ളവരുടെ നിയമനങ്ങൾ വെട്ടിക്കുറക്കുകയാണെന്ന സൂചനയുമായി ബ്രിട്ടൻ. ടെക്, എൻജിനീയറിങ് മേഖലകൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്നത് പുനഃപരിശോധിക്കാൻ കുടിയേറ്റ ഉപദേശക സമിതിയോട് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ആവശ്യപ്പെട്ടു. ചില പ്രത്യേക മേഖലകളിലേക്ക് മാത്രം മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്തിനാണെന്നും സമിതിക്ക് നൽകിയ കത്തിൽ കൂപ്പർ ചോദിച്ചു. തൊഴിൽ വിസയിൽ യു.കെയിലെത്തുന്നവരിൽ കൂടുതലും ഐ.ടി ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്, എൻജിനീയറിങ് പ്രഫഷനലുകളാണെന്നും കൂപ്പർ സൂചിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പ്രഫഷനലുകളുടെ സേവനം രാജ്യം അംഗീകരിക്കുന്നുണ്ടെങ്കിലും അത് നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും കൂപ്പർ ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളിൽനിന്നുള്ള നിയമനം കൂടുതൽ വർധിച്ചത് സുസ്ഥിരതയില്ലാതാക്കുമെന്നും യു.കെയുടെ തൊഴിൽ വൈദഗ്ധ്യം കുറക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. ഈ സംവിധാനം ദേശീയ താൽപര്യത്തിന് വിരുദ്ധമാണ്. അതിനാൽ സർക്കാർ കുടിയേറ്റം കുറക്കാനുള്ള പദ്ധതികൾ ആവിഷ്‍കരിക്കുകയാണെന്നും അവർ വ്യക്തമാക്കി. അടുത്തിടെ വിദേശ രാജ്യങ്ങളിൽ നിന്ന് യു.കെയിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. പ്രഫഷനലുകൾക്കൊപ്പം വിദ്യാർഥികളും ധാരാളമായി യു.കെയിലെത്തിയിരുന്നു. കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോൾ മുതൽ തുടങ്ങിയതാണ്. കുടുംബാംഗത്തിന്റെ വിസ സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ വരുമാനപരിധി ഇരട്ടിയിലേറെയാക്കിയിരുന്നു. കുടിയേറ്റം യു.കെക്ക് ഒരുപാട് നേട്ടങ്ങൾ നൽകുന്നുണ്ട്. എന്നാൽ അതിൽ നിയന്ത്രണം അനിവാര്യമാണ്.-യു.കെ ആഭ്യന്തര സെക്രട്ടറിയുടെ ഓഫിസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.