'പാവകളിൽ നിന്ന് മാറ്റം തുടങ്ങട്ടെ'; ശ്രവണസഹായി ധരിച്ച ബാർബി പാവകൾ പുറത്തിറക്കി മാറ്റെൽ

വാഷിങ്ടൺ: കളിപ്പാട്ടങ്ങൾ കുട്ടികളിൽ നടത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ജെന്‍ഡർ പ‍ഠനങ്ങളിലും മറ്റും ഇന്ന് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. കുട്ടികളിൽ പൊതുധാരണകൾ രൂപീകരിക്കുന്നതിൽ പ്രാധാന്യം വഹിക്കുന്ന ഈ കളിപ്പാട്ടങ്ങൾ ലോകത്തിന്‍റെ വിവിധ മാറ്റങ്ങളെ പ്രതിനിധീകരിക്കുന്നതാകാമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതുമാണ്. ഇത്തരത്തിൽ ശ്രവണസഹായികൾ ധരിച്ച ബാർബി പാവകളുടെ പുതിയ ശേഖരം പുറത്തിറക്കി മാറ്റത്തിനൊപ്പം അണിചേരുകയാണ് അമേരിക്കൻ കളിപ്പാട്ട കമ്പനിയായ മാറ്റെൽ.


ചെറുപ്പം മുതലേ കുട്ടികൾ അവരുടെ ചുറ്റുമുള്ള ലോകത്തിലെ വൈവിധ്യങ്ങൾ അംഗീകരിച്ച് വളരണമെന്നും ഇതിനുള്ള ശ്രമമാണ് ഈ പാവകൾ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മാറ്റെൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ മക്നൈറ്റ് പറഞ്ഞു. പാവയുടെ ചെവിക്ക് പിന്നിലെ ശ്രവണ സഹായികളെ കൃത്യമായി പ്രതിനിധീകരിക്കുന്നതിന് ഓഡിയോളജിസ്റ്റായ ഡോ.ജെൻ റിച്ചാർഡ്‌സണുമായി ചർച്ച ചെയ്താണ് പാവ രൂപകൽപന ചെയ്തതെന്ന് അവർ കൂട്ടിച്ചേർത്തു. ഈ ശ്രേണിയിൽ 175ലധികം പാവകൾ മാറ്റെൽ പുറത്തിറക്കിയിട്ടുണ്ട്.


കുറച്ച് വർഷങ്ങളായി ഇത്തരത്തിൽ വ്യത്യസ്ത ശരീരരൂപങ്ങളും നിറവും വൈകല്യങ്ങളെയും പ്രതിനിധീകരിക്കുന്ന നിരവധി പാവകളെ മാറ്റെൽ വിപണിയിലിറക്കിയിരുന്നു. 2020ൽ ചർമ്മരോഗം ബാധിച്ചതും പലതരം മുടികളുള്ളതുമായ ബാർബി പാവകളെ പുറത്തിറക്കിയതിന് കമ്പനിയെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. കാലങ്ങളായി പിന്തുടർന്നുകൊണ്ടിരിക്കുന്ന സൗന്ദര്യസങ്കൽപങ്ങളുടെ അളവുകോലുകളെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾക്കാണ് ഇതിലൂടെ തുടക്കമിടുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.


തങ്ങൾ കൂടി ഉൾപ്പെടുന്ന സമൂഹത്തെയാണ് പാവകൾ പ്രതിനിധീകരിക്കുന്നതെന്ന് കുട്ടികൾ മനസ്സിലാകണമെന്ന് ലിസ മക്നൈറ്റ് പറഞ്ഞു. കൂടാതെ വ്യത്യസ്ത രൂപങ്ങളിലുള്ള പാവകളുമായി കളിച്ച് വളരുന്നതിലൂടെ അവരെ അംഗീകരിക്കാനും ഉൾച്ചേർക്കലിന്‍റെ പ്രാധാന്യങ്ങൾ തിരിച്ചറിയാനും കുട്ടികൾ പ്രാപ്തരാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Barbie unveils its first doll with hearing aids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.