യു.എസിലെ ജന്മാവകാശ പൗരത്വ നിയന്ത്രണം: ബിൽ സെനറ്റിൽ അവതരിപ്പിച്ചു

യു.എസിലെ ജന്മാവകാശ പൗരത്വ നിയന്ത്രണം: ബിൽ സെനറ്റിൽ അവതരിപ്പിച്ചു

വാഷിങ്ടൺ: മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ജൻമാവകാശ പൗരത്വം റദ്ദാക്കാൻ ലക്ഷ്യമിടുന്ന ബില്ല് യു.എസ് സെനറ്റിൽ അവതരിപ്പിച്ചു. രേഖകളില്ലാതെ യു.എസിലെത്തുന്ന നിയമ വിരുദ്ധ കുടിയേറ്റക്കാരുടെയും താൽകാലിക വിസകളിൽ ജോലി ചെയ്യുന്നവരുടെയും മക്കളുടെ ജൻമാവകാശ പൗരത്വം റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലാണിത്. സെനറ്റർമാരായ ലിൻഡെ ഗ്രഹാം, ടെഡ് ക്രൂസ്, കാത്തീ ബ്രിട്ട് എന്നിവരാണ് ബില്ല് അവതരിപ്പിച്ചത്.

നിയമ വിരുദ്ധ കുടിയേറ്റക്കാരടക്കം ജൻമാവകാശ പൗരത്വം വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും മൂവരും ചൂണ്ടിക്കാട്ടി. 33 രാജ്യങ്ങളിൽ ലോകത്ത് ജൻമാവകാശ പൗരത്വത്തിന് ഒരു നിയന്ത്രണവും വെക്കാത്ത രാജ്യം യു.എസ് മാത്രമാണെന്നും സെനറ്റർമാർ പറഞ്ഞു. യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ​ഡോണൾഡ് ട്രംപ് ജൻമാവകാശ പൗരത്വം റദ്ദാക്കിയത്. എക്സിക്യൂട്ടീവ് ഉത്തരവനുസരിച്ച് ഫെബ്രുവരി 19നു ശേഷം യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജൻമാവകാശ പൗരത്വം ഉണ്ടാകില്ല. ട്രംപിന്റെ ഉത്തരവ് വാഷിങ്ടൺ സ്റ്റേറ്റ് ഫെഡറൽ ജഡ്ജി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ നീക്കം.

2023ൽ യു.എസിലെത്തിയ 225000മുതൽ 250000 വരെ നിയമ വിരുദ്ധ കുടിയേറ്റക്കാർക്ക് ജൻമാവകാശ പൗരത്വം ലഭിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് സമ്പന്നരായ ദമ്പതികൾ യു.എസിലെത്തി കുഞ്ഞുങ്ങൾക്ക് ജൻമം നൽകുകയാണെന്നും ആ കുഞ്ഞ് അമേരിക്കൻ പൗരനായാണ് വളരുന്നതെന്നും സെനറ്റർ ഗ്രഹാം പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റക്കാർക്കുള്ള ഇൻസെന്റീവ് അല്ല അമേരിക്കൻ പൗരത്വമെന്നും അതാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നും ബ്രിറ്റ് പറഞ്ഞു.

Tags:    
News Summary - Bill introduced in US Senate to restrict birthright citizenship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.