200 യാത്രികരുമായി 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിന്‍റെ വിൻഡ്സ്ക്രീൻ മഞ്ഞുകട്ട വീണ് തകർന്നു. എമർജൻസി ലാൻഡിങ് നടത്തിയ വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ വിമാനത്തിന് 1000 അടി ഉയരത്തിൽ പറക്കുകയായിരുന്ന മറ്റൊരു വിമാനത്തിൽ നിന്നാണ് മഞ്ഞുകട്ട വീണത്. ദശലക്ഷത്തിൽ ഒന്ന് മാത്രം സാധ്യതയുള്ള അപകടമാണ് സംഭവിച്ചതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഡിസംബർ 24നായിരുന്നു അപകടം സംഭവിച്ചത്.
ലണ്ടനിലെ ഗാറ്റ്വിക്കിൽ നിന്ന് കോസ്റ്റാ റികയിലെ സാൻജോസിലേക്ക് പോകുകയായിരുന്നു ബ്രിട്ടീഷ് എയർവേയ്സിന്‍റെ ബോയിങ് 777 വിമാനം. മഞ്ഞുകട്ട വീണതിനെ തുടർന്ന് വിമാനത്തിന്‍റെ വിൻഡ്സ്ക്രീൻ വിണ്ടുചിതറിയെങ്കിലും പൊട്ടിയടർന്നുവീണില്ല. രണ്ട് ഇഞ്ച് കനത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് സമാനമായ കരുത്തുള്ള ഗ്ലാസാണ് വിമാനങ്ങളുടെ വിൻഡ്സ്ക്രീനിന് ഉപയോഗിക്കാറ്.
എമർജൻസി ലാൻഡിങ്ങിന് വിധേയമായ വിമാനം തകരാർ പരിഹരിച്ച് 50 മണിക്കൂറിന് ശേഷമാണ് സർവിസ് തുടരാൻ സാധിച്ചത്. ക്രിസ്മസ് ആഘോഷിക്കാൻ പുറപ്പെട്ടവരായിരുന്നു യാത്രികരിലേറെയും. ഇവരുടെ ആഘോഷം അലങ്കോലമായതിലും അപകടം സംഭവിച്ചതിലും ബ്രിട്ടീഷ് എയർവേയ്സ് മാപ്പപേക്ഷ നടത്തി. പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയേ വിമാനം പറത്താനാകൂവെന്നും അതിനാലാണ് ഇത്രയും വൈകിയതെന്നും കമ്പനി വ്യക്തമാക്കി.
വിമാനയാത്രാ തുക റീഫണ്ട് ചെയ്യുമെന്ന് അറിയിച്ച ബ്രിട്ടീഷ് എയർവേയ്സ് യാത്ര വൈകിയതിന് 520 പൗണ്ട് വീതം നഷ്ടപരിഹാരമായി നൽകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.