ശനിയാഴ്ച വൈകുന്നേരം പെൻസിൽവാനിയയിലെ ഡൊണാൾഡ് ട്രംപിന്റെ കാമ്പയിൻ റാലിക്കിറങ്ങുമ്പോൾ മോഡേൺ ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ അതിപ്രധാനമായൊരു ക്ലിക്കിനാണ് താൻ വിധിക്കപ്പെട്ടിരിക്കുന്നതെന്ന് ഡഗ് മിൽസ് അറിഞ്ഞില്ല. വേദിയിൽ ട്രംപ് പ്രസംഗിക്കുമ്പോൾ ഏതാനും ചുവടുകൾ അകലെ നിന്ന് തുരുതുരാ ക്ലിക് ബട്ടൺ അമർത്തിക്കൊണ്ടേയിരിക്കുകയായിരുന്നു ന്യൂയോർക് ടൈംസിന്റെ വെറ്ററൻ ഫോട്ടോഗ്രാഫർ മിൽസ്.
പെട്ടന്നാണ് വെടിയൊച്ചകൾ മുഴങ്ങിയതും കോലാഹലമായതും.
പിന്നീട് ഓഫീസിലെത്തി ക്യാമറ പരിശോധിക്കുമ്പോഴാണ് അസാധാരണമായൊരു ഫോട്ടോ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഒരു വെടിയുണ്ട ട്രംപിന്റെ തലക്ക് പിന്നിലൂടെ ചീറിപ്പായുന്നു. ട്രംപ് വലത്തോട്ട് തിരിഞ്ഞ് നിൽക്കുന്നതിനാൽ വലതുചെവിക്കുട കീറിക്കൊണ്ട് പാഞ്ഞ വെടിയുണ്ടയാണോ എന്ന് വ്യക്തമല്ല. അതോ അതിന് മില്ലിസെക്കൻഡ് മുമ്പ് വന്ന ആദ്യ വെടിയുണ്ടയോ. എന്തായാലും മിൽസിന്റെ ഫോട്ടോ ഫോട്ടോഗ്രഫി തൽപരർക്കിടയിൽ വൈറലായിരിക്കുകയാണ്.
ഒരു വെടിയുണ്ട ഉതിർക്കപ്പെടുമ്പോൾ അത് കാമറയിൽ പതിയിക്കുക എന്നത് എത്ര ശ്രമകരമായ ദൗത്യമാണെന്ന് ഫോട്ടോഗ്രഫി അറിയുന്നവർക്ക് അറിയാം. അതിന് ഏറെ തയാറെടുപ്പുകളും ക്യാമറയിലെ സൂക്ഷ്മമായ അഡ്ജസ്റ്റ്മെന്റുകളും വേണ്ടിവരും. ഇവിടെയാകട്ടെ, തീർത്തും യാദൃശ്ചികമായി ഒരു വെടിയുണ്ടയുടെ പാത ചിത്രത്തിൽ തെളിഞ്ഞിരിക്കുന്നു.
സോണിയുടെ ഡിജിറ്റൽ ക്യാമറയാണ് മിൽസ് ഉപയോഗിച്ചിരുന്നത്. സെക്കൻഡിൽ 30 ഫ്രെയിമുകൾ എന്ന നിലയിൽ സെറ്റ് ചെയ്താണ് ചിത്രങ്ങൾ പകർത്തിയത്. ഷട്ടർ സ്പീഡ് ആകട്ടെ, 1/8,000 പ്രതി സെക്കൻഡ്. അതായാത് അത്യസാധാരണമായ വേഗം.
സംഭവ സ്ഥലത്ത് നിന്ന് അക്രമി ഉപയോഗിച്ചതെന്ന് കരുതുന്ന AR-15 സ്റ്റൈൽ റൈഫിൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഉപയോഗിക്കുന്ന .223 കാലിബർ അല്ലെങ്കിൽ 5.56 മില്ലിമീറ്റർ ബുള്ളറ്റുകൾ സഞ്ചരിക്കുന്നത് സെക്കൻഡിൽ 3,200 അടി വേഗതയിലാണ്. ഇതു കണക്കാക്കി എഫ്.ബി.ഐയിലെ മുൻ സ്പെഷൽ ഏജന്റ് മൈക്കൽ ഹാരിഗൺ പറയുന്നത് ഇങ്ങനെയാണ്: ‘‘with a 1/8,000th of a second shutter speed, this would allow the bullet to travel approximately four-tenths of a foot while the shutter is open.’’
ഫോട്ടോ എടുത്തുകൊണ്ട് നിൽക്കുന്നതിനിടെ എന്തോ പൊട്ടുന്ന പോലെ ശബ്ദം കേട്ടുവെന്നാണ് മിൽസ് പറയുന്നത്. ഏതെങ്കിലും കാറിൽ നിന്നുള്ള ശബ്ദമാകുമെന്നാണ് ആദ്യം കരുതിയത്. വെടിയൊച്ചയാണെന്ന് പിന്നീടാണ് മനസിലായത്. എന്നിട്ടും ക്ലിക് ചെയ്തുകൊണ്ടേയിരുന്നു. പെട്ടന്ന് അദ്ദേഹം സ്റ്റേജിന് താഴേക്ക് താണു. ഏജന്റുമാർ സ്റ്റേജിലേക്ക് ചാടിക്കയറി. അവർ അദ്ദേഹത്തെ കവർ ചെയ്തു. ‘സർ, സർ, സർ’ എന്ന് അവർ വിളിക്കുന്നത് കേൾക്കാമായിരുന്നു.
പെട്ടന്ന് തന്നെ സീക്രട്ട് സർവീസിന്റെ കൗണ്ടർ സ്നൈപർ ടീം ഓട്ടോമാറ്റിക് റൈഫിളുകളേന്തി സ്റ്റേജിലേക്ക് പാഞ്ഞെത്തി.
അപ്പോഴേക്കും മിൽസ് നിന്നിടത്ത് നിന്ന് സ്റ്റേജിന്റെ മറുഭാഗത്തേക്ക് മാറി. ട്രംപിനെ കാണാൻ പറ്റുമോ എന്ന് നോക്കാനായിരുന്നു അത്. അപ്പോഴേക്കും അദ്ദേഹം നിലത്ത് നിന്ന് എഴുന്നേൽക്കുകയായിരുന്നു. ‘‘അദ്ദേഹം ജീവിച്ചിരിക്കുന്നു.’’-മിൽസിന്റെ ആത്മഗതം.
കഴിഞ്ഞ 35-40 വർഷമായി യു.എസ് പ്രസിഡന്റുമാരുടെ പരിപാടികൾ കവർ ചെയ്യുന്നുവെന്നും ഒരിക്കലും സാക്ഷിയാകാൻ ആഗ്രഹിക്കാത്ത മുഹൂർത്തമാണിതെന്നും മിൽസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.