2100 ഓടെ ഇന്ത്യയിലെ ജനസംഖ്യ കുറയും; അപ്പോഴും ചൈനയെ പിന്നിലാക്കി ഒന്നാംസ്ഥാനത്ത് തുടരും

യുനൈറ്റഡ് നാഷൻസ്: 2060 കളിൽ ഇന്ത്യയിലെ ജനസംഖ്യനിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും എന്നാൽ പിന്നീടത് ഗണ്യമായി കുറയുമെന്നും യുനൈറ്റഡ് നാഷൻസ്. 2060കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ജനസംഖ്യ 170 കോടി ആകുമെന്നാണ് യുനൈറ്റഡ് നാഷൻസ് കരുതുന്നത്. പിന്നീടത് 12 ശതമാനം കുറയും. എന്നാലും ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുകയും ചെയ്യും. ജനസംഖ്യ നിരക്കിൽ 2023ലാണ് ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തിയത്.

വ്യാഴാഴ്ചയാണ് യു.എൻ വേൾഡ് പോപുലേഷൻ പ്രോസ്​പെക്റ്റ്സ് പുറത്തുവിട്ടത്. വരുന്ന 50-60 വർഷങ്ങളിൽ ലോകജനസംഖ്യ വർധിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2080 പകുതി ആകു​ന്നതോടെ ലോകജനസംഖ്യ 1030 കോടിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024ൽ 820 കോടിയാണ് ലോകജനസംഖ്യ. 2080 ൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ശേഷം പിന്നീട് ജനസംഖ്യ ഗണ്യമായി കുറയും. നൂറ്റാണ്ട് അവസാനിക്കുന്നതോടെ ലോകജനസംഖ്യ 1020 കോടിയായി കുറയുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2100 വരെ ഇന്ത്യ ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് തുടരും.

2024ൽ ഇന്ത്യയിലെ ജനസംഖ്യ 145 കോടിയായി ഉയരും. 2054 ആകുന്നത് ജനസംഖ്യ കുത്തനെ വർധിച്ച് 169 കോടിയാകും. 2100 ആകുന്നതോടെ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയായി കുറയുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാലും ലോകത്തി​ൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരും. 2024ൽ ചൈനയിലെ ജനസംഖ്യ 141 കോടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. അത് 2054 ആകുന്നതോടെ 121 കോടിയായി കുറയും. 2100 ആകുന്നതോടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞ് 63.3 കോടിയിലെത്തും. നിലവിൽ ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാംസ്ഥാനത്താണ് ചൈന.

എന്തുകൊണ്ട് കുറയും?

2054 വരെ ഇന്ത്യയിൽ ജനസംഖ്യ കൂടിക്കൊണ്ടിരിക്കും. അ​പ്പോഴേക്കും 169 കോടിയിലെത്തും ജനസംഖ്യ. ആറ് വർഷംകുടി കഴിയുമ്പോൾ പിന്നെ ഒരു കോടി മാത്രമായിരിക്കും ജനസംഖ്യ വർധന. അഥവാ, വളർച്ചനിരക്ക് ഏറെ നേരിയതായി മാറും. പിന്നെ നെഗറ്റീവ് വളർച്ചയാകും രേഖപ്പെടുത്തുക. പ്രത്യുൽപാദന നിരക്കിലുണ്ടാകുന്ന (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് -ടി.എഫ്.ആർ) ഇടിവാണ് ഇതിന് കാരണം. ഒരു ദമ്പതികൾക്ക് ജനിക്കുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണമാണ് ടി.എഫ്.ആർ. 1960കളിൽ ഇന്ത്യൻ ടി.എഫ്.ആർ നാല് വരെയെത്തിയിരുന്നു. അഥവാ, ഓരോ ദമ്പതികൾക്കും നാല് വീതം കുഞ്ഞുങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 1.98ലെത്തിയിരിക്കുന്നു. ടി.എഫ്.ആർ പിന്നെയും കുറയുകയാണ്. ഇത് ഒന്നിലും താഴേക്ക് വന്നാൽ ജനസംഖ്യയിൽ ഇടിവ് സംഭവിക്കുമെന്ന് മാ​ത്രമല്ല, രാജ്യത്ത് വയോജനങ്ങളു​ടെ എണ്ണം യുവാക്കളെക്കാൾ കൂടുതലാവുകയും ചെയ്യും. ഇന്ത്യയിൽ 2060ഓടെ ജനസംഖ്യയിൽ ഇടിവ് സംഭവിക്കുമെങ്കിലും ലോകാടിസ്‍ഥാനത്തിൽ ഈ പ്രവണത കാണിക്കുക 2100നുശേഷം മാ​ത്രമായിരിക്കും. അപ്പോഴേക്കും ലോകജനസംഖ്യ 1020 കോടിയിലെത്തും. ഇന്ത്യയിൽ 150 കോടിയും. കൗതുകകരമായ കാര്യമെന്തെന്നാൽ, ആ സമയം ചൈനയുടെ ജനസംഖ്യ നൂറ് കോടിയിലും താഴെയായിരിക്കും.

ആയുർദൈർഘ്യം കൂടും

1995ൽ ലോകത്ത് ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് 65 എന്നാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴത് 73.3ലെത്തി നിൽക്കുന്നു. 2054ഓടെ അത് 77.4ലെത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2022ൽ, കോവിഡ് കാരണം ആഗോള ആയുർദൈർഘ്യം കുറഞ്ഞുവെങ്കിലും അത് പഴയപടിയിലെത്തിയിട്ടുണ്ട്. 2080ഓടെ, ലോകത്ത് കൗമാരജനതയെക്കാൾ കൂടുതൽ വയോധികരായിരിക്കും. ഒരുവശത്ത്, ജനനനിരക്ക് കുറയുന്നതും മറുവശത്ത് ആരോഗ്യമേഖലയിലുണ്ടായ പുരോഗതി കാരണം മരണനിരക്ക് കുറയുന്നതുമാണ് ഇതിന് കാരണം. ഇന്ത്യയിൽ 2075ൽ, ശരാശരി ആയുർദൈർഘ്യം 80ലെത്തും. ഇതേ കാലത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണം ആയിരത്തിൽ ആറ് എന്ന നിലയിലേക്ക് താഴും.

Tags:    
News Summary - By 2100, India's Population To Decline, But Still Be 2.5 Times That Of China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.