വടക്കൻ സിറിയൻ നഗരമായ മൻബിജിൽ സ്ഫോടനത്തിൽ തകർന്ന കാർ
ഡമസ്കസ്: സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ സ്ത്രീകളടക്കം 15 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സിറിയൻ സിവിൽ ഡിഫൻസ് അറിയിച്ചു.
മരിച്ചവരിൽ 14 പേരും സ്ത്രീകളാണ്. പരിക്കേറ്റ 15 സ്ത്രീകളിൽ പലരുടെയും നില ഗുരുതരമാണ്. വടക്കൻ സിറിയൻ നഗരമായ മൻബിജിന്റെ പ്രാന്തപ്രദേശത്താണ് സ്ഫോടനമുണ്ടായത്.
കർഷക തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന് തൊട്ടടുത്തുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. 18 സ്ത്രീകളടക്കം 19 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള സിറിയൻ ഒബ്സർവേറ്ററി സംഘടന അറിയിച്ചു. ശനിയാഴ്ച കാർ ബോംബ് സ്ഫോടനത്തിൽ മൻബിജിൽ നാലുപേർ കൊല്ലപ്പെടുകയും ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
രണ്ടുമാസത്തിനിടെ മൻബിജിലുണ്ടാകുന്ന ഏഴാമത്തെ കാർ ബോംബ് സ്ഫോടനമാണെന്ന് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ മുനീർ മുസ്തഫ പറഞ്ഞു. ഡിസംബറിൽ ബശ്ശാറുൽ അസദിന്റെ ഭരണം തകർന്ന ശേഷവും അലപ്പോയുടെ വടക്കുകിഴക്കൻ മേഖലയായ മൻബിജിൽ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. തുർക്കിയ അനുകൂല സിറിയൻ നാഷനൽ ആർമിയും യു.എസ് പിന്തുണയുള്ള കുർദുകളുടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.