തെൽഅവീവ്: ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെയും മറ്റും ഭാര്യമാർക്ക് വിവാഹമോചനത്തിന് പ്രത്യേക മതകോടതി (റബ്ബിനിക്കൽ കോടതി) രൂപവത്കരിച്ചതായി ഇസ്രായേൽ. ഇസ്രായേൽ ചീഫ് റബ്ബി ഡേവിഡ് ലോയാണ് തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഗസ്സ യുദ്ധത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ വിവാഹമോചന നടപടികൾ കാര്യക്ഷമമാക്കാനാണ് ഈ നടപടിയെന്ന് ഇസ്രായേൽ മാധ്യമമായ ‘ജറൂസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ജൂത മത നിയമപ്രകാരം (ഹാലച്ച) സ്ത്രീകൾക്ക് വിവാഹമോചനം നേടാൻ കർശനമായ വ്യവസ്ഥകളുണ്ട്. ഭർത്താവ് വിവാഹമോചനം അംഗീകരിച്ച ‘ഗെറ്റ്’ എന്നറിയപ്പെടുന്ന രേഖ മതകോടതി മുമ്പാകെ ഹാജരാക്കണം. ഈ രേഖയില്ലാതെ സ്ത്രീകൾക്ക് പുനർവിവാഹം ചെയ്യാൻ കഴിയില്ല. അങ്ങനെ ആരെങ്കിലും വിവാഹം ചെയ്ത് കുട്ടി ജനിച്ചാൽ അത്തരം കുട്ടികൾക്ക് ഔദ്യോഗികമായി പിതൃത്വം അനുവദിച്ചുകൊടുക്കില്ല. അതേസമയം, പുരുഷന്മാർക്ക് ഈ നിയന്ത്രണം ബാധകമല്ല.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ മതപരമായ ഈ തടസ്സം നീക്കാനാണ് പ്രത്യേക റബ്ബിനിക്കൽ കോടതി സ്ഥാപിക്കുന്നത്. ഭർത്താവ് മരിച്ചുവെന്നും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല എന്നും േബാധ്യപ്പെട്ടാൽ മതകോടതി വിവാഹമോചനം അനുവദിക്കും. റബ്ബി ലോ, റബ്ബി എലീസർ ഇഗ്ര, റബ്ബി സ്വി ബെൻ-യാക്കോവ് എന്നീ മൂന്ന് ജഡ്ജിമാരാണ് കോടതിയിൽ ഉണ്ടാവുക.
യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ വിവാഹമോചന കേസുകളും ഈ പ്രത്യേക കോടതിയിലേക്ക് നേരിട്ട് റഫർ ചെയ്യണമെന്ന് റബ്ബിനിക്കൽ കോടതി ഡയറക്ടർ റബ്ബി എലി ബെൻ-ദഹാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.