മാലെ: മാലദ്വീപിന്റെ പരമാധികാരത്തിനും വളർച്ചക്കും ചൈനയുടെ പൂർണ പിന്തുണയുണ്ടെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചതിന് പിന്നാലെ ചൈന സന്ദർശിച്ച ശേഷമാണ് മാലദ്വീപ് പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം.
‘വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പിന്തുണ നൽകാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉറപ്പുനൽകിയിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസൃതമായി പുരോഗതി കൈവരിക്കുകയും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരുകയുമാണ് ലക്ഷ്യം. 1972ൽ നയതന്ത്രബന്ധം സ്ഥാപിച്ചതുമുതൽ മാലദ്വീപിന്റെ വികസനത്തിന് ചൈനയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
ഇരുരാഷ്ട്രങ്ങളും പരസ്പരം ബഹുമാനിക്കുന്നു. ആഭ്യന്തര കാര്യങ്ങളിലോ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിലോ ഇടപെടാറില്ല. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കും’ ചൈനീസ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.മുയിസു നവംബറിൽ അധികാരമേറ്റ ശേഷം ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധത്തിൽ അസ്വാരസ്യമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് മൂന്ന് മാലദ്വീപ് മന്ത്രിമാർക്ക് സ്ഥാനംപോയ വിവാദത്തിനു പിന്നാലെയാണ് ചൈനയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനുള്ള നീക്കം.
‘ഇന്ത്യ ഔട്ട്’: മാലദ്വീപ് എങ്ങോട്ട്?
മാലദ്വീപിനെ പട്ടാള അട്ടിമറിയിൽനിന്ന് ഇന്ത്യ രക്ഷിച്ച പഴയൊരു കഥയുണ്ട്. ഓപറേഷൻ കാക്ടസ്. മഅ്മൂൻ അബ്ദുൽ ഖയ്യൂം പ്രസിഡന്റായിരുന്ന കാലം. 1988ൽ, അദ്ദേഹത്തിനെതിരെ അബ്ദുല്ല ലുത്വ്ഫിയുടെ നേതൃത്വത്തിൽ ശ്രീലങ്കയിലെ വിമതപ്പടയുടെ സഹായത്തോടെ പട്ടാള അട്ടിമറിക്ക് ശ്രമമുണ്ടായി. ഖയ്യൂം അന്ന് ഇന്ത്യയുടെ സഹായം അഭ്യർഥിക്കുകയും നിർണായകമായ ഇടപെടലിലൂടെ അട്ടിമറിക്കാരെ തുരത്തുകയുമുണ്ടായി. അതിൽപിന്നെ, ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ പ്രതിരോധ സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു ഇപ്പോൾ അവസാനിപ്പിക്കാൻ പോകുന്ന സൈനിക പരിശീലനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.