ഫോസിൽ ഇന്ധന ലോബികൾ നിയന്ത്രിക്കുന്ന ‘കോപ്’ ഉച്ചകോടി

സർബൈജാനിലെ ബാക്കുവിൽ ‘കോപ് 29’ ഉച്ചകോടി നടക്കവെ, ആശങ്കയോടെയും ​നിരാശയോടെയും പുറത്ത് കാലാവസ്ഥാ പ്രവർത്തകരുടെ പതിവു പ്രതിഷേധം ഇരമ്പുകയാണ്. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കരാറി​ന്‍റെ പുരോഗതി മന്ദഗതിയിലായതിനാൽ കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ മൂലമുള്ള ആഗോള താപനം തടയാൻ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിലെ പ്രധാന പ്ലീനറി ഹാളുകളിലൊന്നിനുപുറത്ത് നൂറുകണക്കിന് പ്രവർത്തകർ മനുഷ്യച്ചങ്ങല തീർത്തു. കാലാവസ്ഥാ നീതിക്കുവേണ്ടിയുള്ള പ്രതിഷേധത്തിൽ പ​ങ്കെടുത്ത പലരും ‘നിശബ്ദമാക്കപ്പെട്ടു’ എന്ന വാക്ക് അച്ചടിച്ച് ടേപ്പ് കൊണ്ട് വായ് മൂടിക്കെട്ടി. ശുദ്ധമായ ഊർജത്തിലേക്ക് മാറണമെന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ നേരിടുന്നതിന് ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ പണം നീക്കിവെക്കണമെന്നും ആഹ്വാനം ചെയ്യുന്ന ബോർഡുകൾ പ്രകടനക്കാർ ഉയർത്തിപ്പിടിച്ചു.

ചിത്രങ്ങൾ: റോയിട്ടേഴ്സ്

 ലോകമെമ്പാടും നിന്നുള്ള ചെറുതും വലുതുമായ പ്രതിഷേധങ്ങൾ ബാക്കുവിലെ പ്രവർത്തകർക്കൊപ്പം ചേർന്നു. ലണ്ടനിൽ നൂറുകണക്കിന് പ്രതിഷേധക്കാർ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് അസർബൈജാനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ ‘സോകാറി​’ന്‍റെ ഓഫിസുകളിലേക്ക് മാർച്ച് നടത്തി. ചുവപ്പ് ചായം പൂശിയ കൈകളുമായി പ്രകടനക്കാർ ‘കോപ് 29’ നുണകൾ നിർത്തുക, വംശഹത്യ പച്ചയായി കഴുകുക എന്ന് ആക്രോശിച്ചു.

ലോകം അടിയന്തരമായും അതീവ ഗൗരവമായും അഭിമുഖീകരിക്കേണ്ട പ്രശ്നമെന്ന് ഇവരെല്ലാം തൊണ്ടകീറി കരയുമ്പോഴും അൽഭുതങ്ങൾ ഒന്നും സംഭവിക്കാൻ പാടില്ലെന്ന് കച്ചകെട്ടിയിറങ്ങിയ ഇന്ധനലോബികളുടെ കൈകളിൽ കാര്യങ്ങൾ എല്ലാം ഭദ്രമാണ്. ആർക്കെതിരിലാണോ നടപടി കൈകൊള്ളേണ്ടത് അവർ ‘കോപി’ലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന വിരോധാഭാസം!

ഫോസിൽ ഇന്ധന താൽപര്യങ്ങളുമായി ബന്ധപ്പെട്ട 1,770 പേരെങ്കിലും ചർച്ചകളുടെ ഔദ്യോഗിക ഹാജർ പട്ടികയിൽ ഉൾപ്പെട്ടതായി ‘കിക്ക് ബിഗ് പൊല്യൂട്ടേഴ്സ് ഔട്ട്’ റിപ്പോർട്ട് ചെയ്യുന്നു. 1,700ലധികം ഫോസിൽ ഇന്ധന ലോബിയിസ്റ്റുകൾ കോപ് 29ൽ ഉണ്ടെന്ന് തങ്ങൾക്കറിയാമെന്നും ഇത് സ്വീകാര്യമല്ലെന്നും ‘ഇന്‍റർനാഷണൽ ക്ലൈമറ്റ് പൊളിറ്റിക്സ് ഹബ്ബി​’ന്‍റെ ഡയറക്ടർ കാതറിൻ അബ്ര്യൂയും പറയുന്നു. ഫോസിൽ ഇന്ധന വ്യവസായവും പെട്രോസ്റ്റേറ്റുകളും അനാരോഗ്യകരമായ അളവിൽ ‘കോപി​’ന്‍റെ നിയന്ത്രണം പിടിച്ചെടുത്തത് നിർഭാഗ്യകരമാണെന്ന് കാർബൺ മലിനീകരണ സൈറ്റുകളെക്കുറിച്ചുള്ള പുതിയ ഡേറ്റ അവതരിപ്പിച്ച യു.എസ് മുൻ വൈസ് പ്രസിഡന്‍റ് അൽ ഗോറും പ്രതികരിച്ചു.

ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഉച്ചകോടിയുടെ മുതിർന്ന ഉ​ദ്യോഗസ്ഥനും അസർബൈജാനിലെ ഡെപ്യൂട്ടി ഊർജ മന്ത്രിയുമായ എൽനൂർ സോൾട്ടനോവ് ഉൾപ്പെട്ട വിവാദം കത്തിപ്പടർന്നിരുന്നു. സോൾട്ടാനോവ്, നിക്ഷേപകനെന്ന വ്യാജേന സമീപിച്ച ഒരു കമ്പനിയുമായി എണ്ണ-വാതക നിക്ഷേപങ്ങൾ പര്യവേക്ഷണം ചെയ്യാൻ ത​ന്‍റെ പങ്ക് ഉപയോഗിച്ചതായി പുറത്തുവന്നു. അസർബൈജാനിലെ എണ്ണ, വാതക പാടങ്ങളുടെ പര്യവേക്ഷണ ഇടപാടുകളുടെ സാധ്യത സോൾട്ടാനോവ് അവരുമായി ചർച്ച ചെയ്തു. വാതക ഉൽപാദനം വിപുലീകരിക്കാനുള്ള രാജ്യത്തി​ന്‍റെ പദ്ധതികളും ഊർജമന്ത്രി എടുത്തുകാണിച്ചു. മനുഷ്യാവകാശ സംഘടനയായ ‘ഗ്ലോബൽ വിറ്റ്‌നസ്’ നടത്തിയ രഹസ്യാന്വേഷണം പുറത്തുവന്നത് ആഗോള താപനത്തെ കടുപ്പിക്കുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്താൻ ലക്ഷ്യമിടുന്ന കാലാവസ്ഥാ ഉച്ചകോടിയിലെ താൽപര്യ വൈരുധ്യങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി. ഇത്തരം പ്രവർത്തികളിലൂടെ ഉച്ചകോടിയുടെ ലക്ഷ്യങ്ങളെ വഞ്ചിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ അപലപിച്ചു.


‘ഇതുകൊണ്ടാണ് ആയിരക്കണക്കിന് ഫോസിൽ ഇന്ധന ലോബിയിസ്റ്റുകൾ കാലാവസ്ഥാ ഉച്ചകോടികളിൽ പങ്കെടുക്കുന്നത്. ഈച്ചകൾ ശവത്തിന് ചുറ്റും മൂളിപ്പറക്കുന്നതുപോലെ വളരെക്കാലമായി അവരുണ്ട്. അവർക്കായി എല്ലാ ലോകനേതാക്കളും ഒരുമിക്കുന്നു. അതിനാൽ കൈക്കൂലി നൽകാൻ എളുപ്പം കഴിയും. അത് ഇപ്പോൾ നിർത്തണം - കാലാവസ്ഥാ വിദഗ്ധൻ പ്രഫസർ ബിൽ മക്‌ഗുയർ ‘എക്‌സി’ൽ പങ്കുവെച്ചതാണിത്.

എണ്ണയും വാതകവും അടങ്ങുന്ന 90ശതമാനം കയറ്റുമതി സമ്പദ്‌വ്യവസ്ഥയുടെ പകുതി നിർണയിക്കുന്ന അസർബൈജാനെ സംബന്ധിച്ചിടത്തോളം അതി​ന്‍റെ ഓഹരികൾ ഉയർന്നതാണ്. ഏറ്റവും കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്ന ‘കോപ്’ ആതിഥേയൻമാരിൽ ഒന്ന് എന്ന നിലയിൽ ഉച്ചകോടിയിലെ രാജ്യത്തി​ന്‍റെ പങ്ക് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തി. കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനിടെ ഫോസിൽ ഇന്ധന ഇടപാടുകൾക്കായി യു.എ.ഇ ശ്രമിച്ചുവെന്ന കഴിഞ്ഞ വർഷത്തെ ‘കോപ് 29ലെ’ വിവാദത്തിനു പിന്നാലെയാണ് പുതിയ സംഭവം.

സമ്മേളന വേദിയിലെ ചർച്ചകളിൽ കരാർ ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അതി​ന്‍റെ പുരോഗതി മന്ദഗതിയിലാണ്. കരാറി​ന്‍റെ ദിശ ഇപ്പോഴും വ്യക്തമല്ലെന്നും നിരീക്ഷകർ പറയുന്നു. കാലാവസ്ഥാ സാമ്പത്തിക ചർച്ചകൾ വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്ന് ഈ വർഷത്തെ കാലാവസ്ഥാ ചർച്ചകളുടെ ഡെപ്യൂട്ടി ലീഡ് നെഗോഷ്യേറ്റർ സമീർ ബെജനോവ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. കഴിയുന്നത്ര പുരോഗതി കൈവരിക്കാൻ എല്ലാ പാർട്ടികളോടും തങ്ങൾ ആവശ്യപ്പെടുന്നുവെന്നും എല്ലാവരും ഈ ദൗത്യത്തെ അടിയന്തരമായും നിശ്ചയദാർഢ്യത്തോടെയും സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ചർച്ചകൾ എങ്ങനെ നടക്കുന്നു എന്നതിൽ തന്നെപ്പോലുള്ള പ്രതിഷേധക്കാർ ആശ്ചര്യപ്പെടുന്നില്ലെന്ന് ഏഷ്യൻ പീപ്പിൾസ് മൂവ്‌മെന്‍റ് കോർഡിനേറ്റർ ലിഡി നാക്പിൽ പറയുന്നു. ഈ ചർച്ചകളിൽ ലോകത്തിന് ആവശ്യമായ ഫലങ്ങൾ ലഭിക്കാൻ പോകുന്നില്ലെന്ന് അറിയാമെങ്കിലും സമ്മർദ്ദം വർധിപ്പിക്കുക എന്നതാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും നാക്പിൽ കൂട്ടിച്ചേർത്തു.

 കരാറി​ന്‍റെ പുരോഗതിയുടെ വേഗതയിൽ നിരീക്ഷകരും നിരാശരാണ്. ഉച്ചകോടിയിൽ പങ്കെടുത്ത 15 വർഷത്തിനിടയിൽ ‘കോപി​’ന്‍റെ ഏറ്റവും മോശം ആഴ്‌ചയാണിതെന്നാണ് ആഫ്രിക്കയിലെ കാലാവസ്ഥാ തിങ്ക് ടാങ്ക് ’പവർ ഷിഫ്റ്റി​’ന്‍റെ മുഹമ്മദ് അഡോ പറയുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുടെ സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ചോ ധനകാര്യത്തി​ന്‍റെ നിലവാരത്തെക്കുറിച്ചോ അതെങ്ങനെ ദുർബലമായ രാജ്യങ്ങൾക്ക് എത്തിപ്പിടിക്കാൻ ആവും എന്നതിനെക്കുറിച്ചോ ഒരു വ്യക്തതയുമില്ല. വളരെയധികം നിരാശ തോന്നുന്നു. പ്രത്യേകിച്ച് ഇവിടുത്തെ വികസ്വര രാജ്യ ബ്ലോക്കുകൾക്കിടയിൽ -അദ്ദേഹം പരിതപിച്ചു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ കടുത്ത ആഘാതങ്ങൾ ദരിദ്ര രാജ്യങ്ങളാണ് അനുഭവിക്കുന്നത്. ഇത്തരം നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും മിക്ക രാജ്യങ്ങൾക്കും സ്വന്തമായി താങ്ങാനാകാത്ത ശുദ്ധമായ ഊർജ പരിവർത്തനത്തിന് പണം നൽകാനും പ്രതിവർഷം ഒരു ട്രില്യൺ ഡോളറോ അതിൽ കൂടുതലോ ആവശ്യമാണ്. എന്നാൽ, അതി​ൽ തീരുമാനമെടുക്കേണ്ട വികസിത രാഷ്ട്രങ്ങൾക്ക് കാര്യമായ അനക്കമില്ല.

 താൻ കാണുന്നത് വളരെയധികം സംസാരവും വളരെ കുറച്ച് പ്രവർത്തനവുമാണെന്ന് പനാമയുടെ പരിസ്ഥിതി മന്ത്രി ജുവാൻ കാർലോസ് നവാരോ പ്രതികരിച്ചു. താപ മലിനീകരണത്തിന് ഏറ്റവും കുറഞ്ഞ ഉത്തരവാദിത്തമുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് പനാമ. അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നതും ഇത്തരം ചെറു രാജ്യങ്ങളാണ്. ഏഷ്യയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും വലിയ നഗരങ്ങൾ ഏറ്റവും കൂടുതൽ ചൂട് പിടിക്കുന്ന വാതകം പുറന്തള്ളുന്നുവെന്നും ചൈനയിലെ ഷാങ്ഹായ് ഏറ്റവും മലിനീകരണം ഉണ്ടാക്കുന്നതായും ഒരു കാലാവസ്ഥാ സംഘടനയുടെ പുതിയ ഡേറ്റ പുറത്തുവിടുന്നു.

 മുൻ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ യു.എൻ കാലാവസ്ഥാ സെക്രട്ടറി ക്രിസ്റ്റ്യാന ഫിഗറസ്, മുൻ ഐറിഷ് പ്രസിഡന്‍റ് മേരി റോബിൻസൺ എന്നിവർ ഒപ്പിട്ട ഒരു കത്തിൽ ചർച്ചകളിൽ നിന്ന് നടപ്പാക്കലിലേക്ക് ഒരു മാറ്റം ആവശ്യമാണെന്ന് ഊന്നിപ്പറയുന്നു. 70,000 ആളുകളെ ആകർഷിക്കാൻ കഴിയുന്ന വാർഷിക സമ്മേളനങ്ങളിൽ പുതിയ ഡീലുകൾ ചർച്ച ചെയ്യാൻ വളരെയധികം സമയം ചെലവഴിക്കുന്നതിനുപകരം ഇതിനകം സമ്മതിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിടണമെന്ന് ഒപ്പുവെച്ചവരിൽ ഒരാളായ ജോഹാൻ റോക്ക്സ്ട്രോം അഭിപ്രായപ്പെട്ടു.

Tags:    
News Summary - 'COP' summit controlled by fossil fuel lobbies The Third World in Desperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.