ഇസ്തംബൂൾ: അഴിമതി കേസിൽ ഇസ്തംബൂൾ മേയർ ഇക്റേം ഇമമോഗ്ലുവിന്റെ അറസ്റ്റ് അംഗീകരിച്ച് കോടതി. വിചാരണ പൂർത്തിയാകുന്നതു വരെ അദ്ദേഹത്തെ ജയിലിലിടാനും ഇസ്തംബൂൾ ക്രിമിനൽ കോടതി ഉത്തരവിട്ടു. അതേസമയം, 53കാരനായ ഇക്റേമിനെതിരെ ഭീകരത കുറ്റങ്ങൾ ചുമത്തേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ എതിരാളിയായി കണക്കാക്കപ്പെടുന്ന ഇക്റേമിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങൾക്കിടെയാണ് കോടതി ഉത്തരവ്. എന്നാൽ, കീഴടങ്ങില്ലെന്നും ജനാധിപത്യത്തിലെ കറുത്ത കറ ഒരുമിച്ച് പിഴുതെറിയുമെന്നും കോടതി വിധിക്ക് പിന്നാലെ ഇക്റേം പ്രതികരിച്ചു.
ഇക്റേമിനെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിലായിരുന്നു പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി. 2028ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉർദുഗാന് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ശക്തരായ സ്ഥാനാർഥികളെ ഒതുക്കാനുള്ള നീക്കമാണ് ഇക്റേമിന്റെ അറസ്റ്റ് എന്നാണ് സൂചന.
തുർക്കിയയിലെ സുപ്രീം ഇലക്ടോറൽ കൗൺസിലിനെ അപമാനിച്ചു എന്ന പേരിൽ 2022ൽ ഇക്റേമിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.