ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂട മേധാവി മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ആരോപണത്തിന് പിന്നാലെ, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രസംഗങ്ങൾക്ക് വിലക്ക് കൽപിച്ച് കോടതി.
ഹസീനയുടെ വിദ്വേഷ പ്രസംഗങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവെക്കരുതെന്ന് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കണമെന്നും വ്യാപിക്കുന്നത് തടയണമെന്നും അധികൃതർക്ക് കോടതി നിർദേശം നൽകി.
സർക്കാർ പ്രോസിക്യൂട്ടർമാരുടെ ഹരജി പരിഗണിച്ച് ജസ്റ്റിസ് ഗുലാം മുർതസ മസുംദാറാണ് ഉത്തരവിട്ടതെന്ന് വാർത്ത ഏജൻസിയായ ബംഗ്ലാദേശ് സംഗബാദ് സങ്സ്ത റിപ്പോർട്ട് ചെയ്തു. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗം, ബംഗ്ലാദേശ് കമ്യൂണിക്കേഷൻ റഗുലേറ്ററി കമീഷൻ എന്നിവർക്കാണ് കോടതി നിർദേശം നൽകിയത്. പുറത്താക്കപ്പെട്ട ശേഷം ആദ്യമായി നടത്തിയ പൊതു പരിപാടിയിലാണ് ഹസീന ഇടക്കാല ഭരണകൂടത്തിനും മേധാവിക്കുമെതിരെ കടുത്ത വിമർശനമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.