പാരിസ്: അഴിമതിക്കേസിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവ് മരീൻ ലെ പെൻ കുറ്റക്കാരിയാണെന്നുവിധിച്ച് കോടതി. നാലുവർഷം തടവുശിക്ഷയും ഒരുലക്ഷം യൂറോ പിഴയും പാരിസ് ക്രിമിനല്‍ കോടതി ജഡ്ജി വിധിച്ചു. അഞ്ചുവർഷത്തേക്ക് ഔദ്യോഗിക പദവികൾ വഹിക്കുന്നതിൽനിന്ന് പെന്നിനെ കോടതി വിലക്കുകയും ചെയ്തു.
യൂറോപ്യന്‍ യൂനിയൻ പാര്‍ലമെന്റിന്റെ പണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പേഴ്സനല്‍ സ്റ്റാഫിനും ശമ്പളം നല്കാൻ ഉപയോഗിച്ചുവെന്നാണ് പെന്നിനെതിരായ കേസ്. 2004 മുതൽ 2016 വരെയുള്ള കാലയളവിൽ നടന്ന സാമ്പത്തിക തിരിമറി യൂറോപ്യൻ യൂനിയൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. പെന്‍ നയിക്കുന്ന നാഷനല്‍ റാലി പാര്‍ട്ടിയുടെ ഒമ്പത് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും 12 സ്റ്റാഫംഗങ്ങളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. രാഷ്ട്രീയ ജീവിതത്തിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന വിധി കേൾക്കാൻ പെൻ കോടതിയിൽ എത്തിയിരുന്നില്ല.
വിധി നടപ്പായാൽ നിലവിലെ പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോണിന്റെ ശക്തനായ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ നേതാവുമായ പെന്നിന് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. കോടതി വിധി ഫ്രഞ്ച് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കോടതി വിധി ചട്ടലംഘനവും 2027ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാനുള്ള രാഷ്ട്രീയ നീക്കവുമാണെന്ന് 56കാരിയായ പെൻ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.