വംശഹത്യയിൽ മൈക്രോസോഫ്റ്റിനെ പരസ്യ വിചാരണ ചെയ്ത ഇന്ത്യൻ വംശജയായ ജീവനക്കാരി ജോലി വിട്ടു

വംശഹത്യയിൽ മൈക്രോസോഫ്റ്റിനെ പരസ്യ വിചാരണ ചെയ്ത ഇന്ത്യൻ വംശജയായ ജീവനക്കാരി ജോലി വിട്ടു

വാഷിംങ്ടൺ: ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ 50ാം വാർഷികാഘോഷം ഫലസ്തീൻ അനുകൂല നിലപാടിലൂടെ തടസ്സപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യൻ വംശജയായ  ജീവനക്കാരി വാനിയ അഗർവാൾ ജോലി രാജിവെച്ചു. കഴിഞ്ഞ ആഴ്ച നടന്ന പരിപാടിക്കിടെയാണ്, ഇസ്രായേൽ സൈന്യത്തെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജമാക്കുന്നതിൽ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്ന് ആരോപിച്ച് കമ്പനിയുടെ ഉന്നത നേതൃത്വത്തെ പരസ്യമായി വാനിയയും സഹപ്രവർത്തകയായ ഇബ്തിഹാൽ അബൂസാദും എതിർത്തത്.

മൈക്രോസോഫ്റ്റിന്റെ ആസ്ഥാനമായ വാഷിംങ്ടണിലെ റെഡ്മണ്ടിലാണ് പ്രതിഷേധം നടന്നത്. മൈക്രോസോഫ്റ്റിന്റെ മുൻകാല​ത്തെലും നിലവിലെയും മേധാവികളായ ബിൽ ഗേറ്റ്സ്, സ്റ്റീവ് ബാൽമർ, സത്യ നാദെല്ല എന്നിവർ ദശാബ്ദത്തിനിടെ ആദ്യമായി ഒന്നിച്ച് വേദി പങ്കിട്ട വേളയിലായിരുന്നു ഇത്. കമ്പനിയുടെ പുതുതായി നിയമിതനായ എ.ഐ സി.ഇ.ഒ മുസ്തഫ സുലൈമാനും വേദിയിലുണ്ടായിരുന്നു. സുലൈമാൻ എ.​ഐ നയം അവതരിപ്പിക്കുന്നതിനിടെ ഇബ്തിഹാൽ അബൂസാദ്  ശക്തമായ ആരോപണങ്ങളുയർത്തി ആദ്യം രംഗത്തുവന്നു. അവരെ പുറത്താക്കിയതിനുശേഷം വാനിയയും പ്രതിഷേധവുമായെത്തി.

‘മൈക്രോസോഫ്റ്റിന്റെ 50ാം വാർഷികത്തിൽ സത്യ നാദല്ല നടത്തിയ പ്രസംഗത്തിനിടെ ഞാൻ എഴുന്നേറ്റു നിന്ന് പറഞ്ഞത് നിങ്ങൾ കണ്ടിരിക്കാം. ഞാൻ കമ്പനി വിടാൻ തീരുമാനിച്ചതിന്റെയും സംസാരിച്ചതിന്റെയും കാരണങ്ങൾ ഇതാണ്’ എന്നവർ അറിയിച്ചു. കമ്പനിയിലെ അവരുടെ അവസാന ദിവസം ഏപ്രിൽ 11 ആയിരിക്കുമെന്നും കമ്പനിയിലുടനീളം അയച്ച ഇ-മെയിലിൽ വാനിയ എഴുതി.

2023 സെപ്റ്റംബർ മുതൽ മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് വാനിയ അഗർവാൾ. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ  ഇസ്രായേലിന് കൃത്രിമ ഇന്റലിജൻസ് ഉപകരണങ്ങൾ നൽകുന്നതിൽ കമ്പനിയുടെ വിവാദപരമായ പങ്കിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ​പ്രതിഷേധമുയർത്തിയാണ് ഇവർ ലേക ശ്രദ്ധ നേടിയത്. ‘മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗസ്സയിലെ 50,000 ഫലസ്തീനികളെ കൊലപ്പെടുത്തി. നിങ്ങൾക്ക് ഇതിന് എങ്ങനെ ധൈര്യം വന്നു? അവരുടെ രക്തത്തെ ആഘോഷിക്കുന്നതിൽ നിങ്ങളെല്ലാവരും ലജ്ജിക്കുക’ - വാനിയയുടെ പ്രതിഷേധം പരിപാടിയിൽ ഇടിമുഴക്കമായി.

‘മുസ്തഫ, നിങ്ങൾ ലജ്ജിക്കുക. നന്മക്കായി എ.ഐ ഉപയോഗിക്കുന്നതിൽ നിങ്ങൾ തൽപരനാണെന്ന് അവകാശപ്പെടുന്നു. പക്ഷേ, മൈക്രോസോഫ്റ്റ് ഇസ്രായേൽ സൈന്യത്തിന് എ.ഐ ആയുധങ്ങൾ വിൽക്കുന്നു. അമ്പതിനായിരം പേർ മരിച്ചു. മൈക്രോസോഫ്റ്റ് ഈ വംശഹത്യക്ക് ശക്തി പകരുന്നു’ എന്നായിരുന്നു ഇബ്തിഹാലിന്റെ വാക്കുകൾ. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ ഒരു കഫിയ സ്കാർഫും അവർ വേദിയിലേക്ക് എറിഞ്ഞു.

ഇതിനുശേഷം കമ്പനിയുടെ ഓൺലൈൻ അക്കൗണ്ടിലേക്ക് ഇരുവർക്കും പ്രവേശിക്കായിരുന്നില്ല. പ്രതിഷേധത്തിന് രണ്ട് ദിവസത്തിനു ശേഷവും ഇബ്തിഹാലിനും വാനിയക്കും അവരുടെ ജോലി സംബന്ധിച്ച് മൈക്രോസോഫ്റ്റിൽ നിന്ന് ഔദ്യോഗിക ആശയവിനിമയമോ അറിയിപ്പോ ലഭിച്ചിട്ടില്ല.

പ്രതിഷേധങ്ങൾ മൈക്രോസോഫ്റ്റിന്റെ ആഘോഷങ്ങളിൽ നിഴൽ വീഴ്ത്തുകയും സർക്കാറുകളുമായുള്ള അതിന്റെ ബിസിനസ് ബന്ധങ്ങളിൽ പുതിയ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഗസ്സയിലെയും ലെബനനിലെയും സൈനിക നടപടികളിൽ ബോംബിങ് ലക്ഷ്യങ്ങൾ തിരിച്ചറിയുന്നതിനായി മൈക്രോസോഫ്റ്റും അതിന്റെ പങ്കാളിയായ ഓപ്പൺ എ.ഐയും വികസിപ്പിച്ച എ.ഐ മോഡലുകൾ ഒരു ഇസ്രായേലി സൈനിക പരിപാടിയിൽ വിന്യസിക്കപ്പെട്ടതായി ഈ വർഷം ആദ്യം അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മൈക്രോസോഫ്റ്റിൽ ചേരുന്നതിന് മുമ്പ്, വാനിയ അഗർവാൾ ആമസോണിൽ വിവിധ എൻജനീയറിങ് റോളുകളിൽ ജോലി ചെയ്തിരുന്നു. കൂടാതെ മെഡിക്കൽ അസിസ്റ്റന്റ്, ടീ കൺസൾട്ടന്റ്, ഫാർമസി ടെക്നീഷ്യൻ എന്നിവയുൾപ്പെടെ നിരവധി ജോലികളും ചെയ്തു. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഫ്റ്റ്‌വെയർ എൻജിനീയറിങിൽ ബിരുദം നേടിയ അവർ കമ്പ്യൂട്ടിങ്ങിൽ സ്ത്രീകളെ പിന്തുണക്കുന്ന ഗ്രേസ് ഹോപ്പർ സ്കോളർഷിപ്പും നേടിയിട്ടുണ്ട്.

Tags:    
News Summary - ‘Cut ties with Israel’ Indian-origin techie quits Microsoft after confronting bosses over Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.