30,000 കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയി​ലേക്കു മാറ്റാൻ ട്രംപിന്റെ നീക്കം

30,000 കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയി​ലേക്കു മാറ്റാൻ ട്രംപിന്റെ നീക്കം

വാഷിംങ്ടൺ: നിയമവിരുദ്ധ ക്രിമിനലുകൾ എന്നാരോപിച്ച് 30,000 കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഗ്വാണ്ടനാമോ ബേയിൽ സൗകര്യമൊരുക്കാൻ പെന്റഗണിനോടും ആഭ്യന്തര സുരക്ഷാ വകുപ്പിനോടും ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിരോധ-ആഭ്യന്തര സുരക്ഷാ വകുപ്പുകൾക്ക് ഇതിനുള്ള നിർദേശം നൽകാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവെക്കുന്നതായി ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.

അമേരിക്കൻ ജനതക്ക് ഭീഷണിയുയർത്തുന്ന ഏറ്റവും മോശമായ നിയമവിരുദ്ധ ക്രിമിനൽ ‘അന്യഗ്രഹജീവികളെ’ കസ്റ്റഡിയിലെടുക്കാൻ ഈ സൗകര്യം ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞു. ‘അവരിൽ ചിലർ വളരെ മോശക്കാരാണ്. രാജ്യങ്ങൾ അവരെ പിടികൂടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അവർ തിരിച്ചുവരാൻ ഞങ്ങളും ആഗ്രഹിക്കുന്നില്ല. അത്തരക്കാരെ ഗ്വാണ്ടനാമോയിലേക്ക് അയക്കാൻ പോകുന്നു. ഇത് ഞങ്ങളുടെ ശേഷിയെ ഇരട്ടിപ്പിക്കും’- ട്രംപ് പറഞ്ഞു.

ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യു.എസ് നാവിക താവളത്തിൽ ഭീകരത സംശയിക്കുന്ന വിദേശ പൗരൻമാരെ അടക്കുന്നതിനുവേണ്ടി തീർത്ത അതീവ സുരക്ഷാ തടവറ കുപ്രസിദ്ധിക്ക് പേരുകേട്ടതാണ്.

1991ൽ ഹെയ്തി ‘കലാപകാരികളെ’ തടവിലിടാൻ ആദ്യമായി അമേരിക്ക ഇവിടെ ക്യാമ്പുകൾ നിർമിച്ചു. 2001സെപ്‌റ്റംബർ 11ന് അമേരിക്കക്കെതിരായ ആക്രമണത്തെത്തുടർന്ന് 2002ൽ അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് വിദേശ തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തടവിലിടാൻ അതീവ സുരക്ഷാ ജയിൽ പണിതു. അമേരിക്കയുടെ ‘ഭീകരതാ വിരുദ്ധ പോരാട്ട’ത്തിൽ ഗ്വാണ്ടനാമോ തടവറ തുല്യതയില്ലാത്ത പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും സാക്ഷ്യം വഹിച്ചു.

പതിറ്റാണ്ടുകളായി ഇത് കടലിൽനിന്ന് പിടികൂടുന്ന ഹെയ്തിക്കാരെയും ക്യൂബക്കാരെയും പാർപ്പിക്കാനും ഉപയോഗിക്കുന്നു. എന്നാൽ, കുടിയേറ്റക്കാർക്കുള്ള സൗകര്യം തടങ്കൽ കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് പറയുന്നു.

പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ ഈ താവളത്തിൽ പാർപ്പിക്കുന്നതിനുള്ള നീക്കം അനധികൃത കുടിയേറ്റത്തിനെതിരെയുള്ള ട്രംപിന്റെ നടപടികളിൽ പെന്റഗണിന്റെ പങ്ക് വീണ്ടും ഉറപ്പിക്കും. കഴിഞ്ഞയാഴ്‌ച കുടിയേറ്റ നിയന്ത്രണത്തിനുള്ള ട്രംപിന്റെ അടിയന്തര പ്രഖ്യാപനത്തെത്തുടർന്ന് മെക്‌സിക്കോയുമായുള്ള യു.എസ് അതിർത്തിയിൽ 1,600ലധികം സജീവ സൈനികരെ വിന്യസിക്കുകയുണ്ടായി.

ട്രംപിന്റെ ഈ നീക്കം കടുത്ത വിമർശനത്തിന് വഴിവെച്ചു. ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് ഇതിനെ ‘ക്രൂരമായ പ്രവൃത്തി’ എന്ന് വിശേഷിപ്പിച്ചു. അഭയാർത്ഥി അനുകൂല ഗ്രൂപ്പുകളും ഈ നീക്കത്തെ അപലപിച്ചു. ഈ സംവിധാനം അടച്ചുപൂട്ടണമെന്നും ദുരുപയോഗങ്ങളുടെ പേരിൽ ആരോപണവിധേയമായ ​ഗ്വാണ്ടനാമോയെക്കുറിച്ച് കോൺഗ്രസ് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വൃത്തിഹീനമായ സാഹചര്യങ്ങളെക്കുറിച്ചും കുടിയേറ്റ കേന്ദ്രത്തിലെ കുടുംബങ്ങൾക്കും കുട്ടികൾക്കും അപര്യാപ്തമായ സൗകര്യങ്ങളെക്കുറിച്ചും ‘ഇന്റർനാഷണൽ റെഫ്യൂജി അസിസ്റ്റൻസ് പ്രോജക്ട്’ ആശങ്ക പ്രകടിപ്പിച്ചു.


Tags:    
News Summary - Donald Trump to prepare facility at Guantanamo Bay for 30,000 migrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.