ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കാനെത്തിയ ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗിനെതിരെ ന്യൂയോർക്കിൽ വൻ പ്രതിഷേധം. ഹെർസോഗ് താമസിച്ച ഹോട്ടലിന് മുന്നിൽ നിരവധി പേരാണ് ഫലസ്തീനിലെ വംശഹത്യക്കെതിരെ പ്രതിഷേധ പ്രകടനവുമായി എത്തിയത്. ‘വംശഹത്യ അനുകൂലി’, ‘ശിശു ഘാതകൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. യഹ്‍യ സിൻവാർ നീണാൾ വാഴട്ടെ, സയണിസ്റ്റുകൾക്ക് നാശം തുടങ്ങിയ പ്ലക്കാഡുകൾ ഉയർത്തി.
ഫലസ്തീനിൽ ഇസ്രായേൽ സേനയെ ലക്ഷ്യമിട്ട് ഹമാസ് നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ദൃശ്യങ്ങളിൽ ഉപയോഗിക്കുന്ന ചുവന്ന ത്രികോണവും കാർഡുകളിൽ ഇടം പിടിച്ചു. ഹെർസോഗിന്റെ പേരിന് മുകളിലായാണ് ഈ ചുവപ്പുത്രികോണം രേഖപ്പെടുത്തിയത്.
ജ്യൂവിഷ് ഫെഡറേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക സമ്മേളനത്തിനായാണ് ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗ് ന്യൂയോർക്കിലെത്തിയത്. നാളെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഹെർസോഗ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും അതൊന്നും വകവെക്കാതെ പ്രതിഷേധക്കാർ രൂക്ഷമായ മുദ്രാവാക്യവും പ്ലക്കാഡുകളുമായി ഹോട്ടൽ വളഞ്ഞു. പ്ലാസ ഹോട്ടലിൽ ഹെർസോഗ് പങ്കെടുത്ത പരിപാടിക്കെത്തിയവരെയും സമരക്കാർ വിമർശിച്ചു.
അതിനിടെ, നിയുക്ത യു.എസ് പ്രസിഡനറ് ഡോണൾഡ് ട്രംപിനെതിരെയും യു.എസിൽ പ്രതിഷേധം ശക്തമാകുകയാണ്. ന്യൂയോർക്ക് മുതൽ സിയാറ്റിൽ വരെ പ്രതിഷേധവുമായി നിരവധി പേരാണ് ഇന്നലെ തെരുവിലിറങ്ങിയത്. വംശഹത്യക്കും യുദ്ധത്തിനും എതിരായിരുന്നു സിയാറ്റലിലെ പ്രതിഷേധം. കുടിയേറ്റക്കാർ ഉൾപ്പടെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക് ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. വാഷിങ്ടണിൽ വനിതകളുടെ പ്രതിഷേധമാണ് അരങ്ങേറിയത്. സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു പ്രതിഷേധം.
വെള്ളിയാഴ്ചയും സമാനരീതിയിലുള്ള പ്രതിഷേധം യു.എസിലുണ്ടായിരുന്നു. ഫാഷിസത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന അവകാശപ്പെട്ടായിരുന്നു പ്രകടനം. പോർട്ട്‍ലാൻഡിലെ സിറ്റിഹാളിന് സമീപത്തായിരുന്നു പ്രതിഷേധം. ഭയത്തെ പോരാട്ടമാക്കി മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 312 എണ്ണം നേടിയാണ് യു.എസി പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. 226 സീറ്റുകളിലാണ് കമല ഹാരിസ് വിജയിച്ചത്. വിജയത്തോടെ അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം ചെന്നയാൾ എന്ന ഖ്യാതിയും78കാരനായ ട്രംപിന് കൈവന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടശേഷം വീണ്ടും മത്സരിച്ച് വിജയിക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റുകൂടിയാണ് ട്രംപ്. ജനുവരിയിലാണ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുക.
BREAKING: Activists have gathered outside the Plaza Hotel to protest the presence of Israeli President Isaac Herzog.
— Stu (@thestustustudio) November 11, 2024
📽️: @MerruX pic.twitter.com/2bzCfEA9ag
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.