ന്യൂയോർക്ക്: പച്ച മരം നിന്നു കത്തുമോ? പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അത് അധികമാരും കണ്ടുകാണാൻ വഴിയില്ല. ഇപ്പോഴിതാ വലിയൊരു പച്ചമരം നിന്ന് കത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. യു.എസിലെ ഒഹിയോയിലാണ് സംഭവം. ഒഹിയോ റിഡ്ഗെവില്ലെ ടൗൺഷിപ്പിലെ ഫയർ ഫൈറ്റർ ഡിപ്പാർട്മെന്റിലേക്ക് രാവിലെ ഒരു ഫോൺകോൾ എത്തി. 'ഒരു പച്ച മരം നിന്ന് കത്തുന്നു, തീയണക്കണം' അതായിരുന്നു സന്ദേശം. ആദ്യം ഒന്ന് അമ്പരന്നെങ്കിലും വാളണ്ടിയർമാർ ഉടൻതന്നെ സാധന സാമഗ്രികളുമായി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലത്തെത്തിയപ്പോൾ സംഭവം സത്യമാണ്, പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു വലിയ പച്ചമരം അടിഭാഗം മുതൽ നിന്ന് കത്തുന്നു. മരത്തിന്റെ ഉള്ളിൽനിന്ന് ചുവന്ന തീ നാളങ്ങൾ പുറത്തേക്ക് ശക്തിയിൽ വന്നുകൊണ്ടിരിക്കുന്നു. താഴെ കത്തിജ്വലിക്കുമ്പോഴും മരത്തിന്റെ പടർന്നു പന്തലിച്ചു നിൽക്കുന്ന ചില്ലകൾ പച്ചപ്പോടെ കാറ്റിൽ ആടിക്കൊണ്ടിരുന്നു.
''ഇന്ന് അതിരാവിലെ, ഒരു മരം തീപിടിച്ചു എന്നുപറഞ്ഞ് ചിലർ ഞങ്ങളെ വിളിച്ചു, സംഭവസ്ഥലത്തെത്തി. മിന്നലിന് ചില ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ കഴിയും'' റിഡ്ഗെവില്ലെ ടൗൺഷിപ്പ് ഡിപ്പാർട്ട്മെന്റ് ഫേസ്ബുക്കിൽ കുറിച്ചു.
ശക്തമായി കത്തിക്കൊണ്ടിരുന്ന മരത്തിലെ തീ അണക്കുക എന്നത് സാധ്യമാവാത്തതിനാൽ അത് പിന്നീട് മുറിച്ചുമാറ്റുകയാണ് ചെയ്തതതെന്നും അവർ പോസ്റ്റിൽ കുറിക്കുന്നു.
ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് നിരവധി ചർച്ചകളും നടന്നു. മിന്നലിൽ എങ്ങനെ പച്ച മരങ്ങൾ ഇത്ര വേഗതയിൽ നിന്ന് കത്തുന്നു എന്നതായിരുന്നു ചർച്ച. പലരും കൃത്യമായ ശാസ്ത്രീയ വിശദീകരണങ്ങളും അതിൽ ചേർത്തിരിക്കുന്നു. 'മിന്നലാക്രമണത്തിൽ മരങ്ങൾ കത്തുന്നത് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യാറുണ്ട്. മരങ്ങളുടെ ഉയരങ്ങൾതന്നെയാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിലെ മരങ്ങൾക്ക് പെട്ടന്ന് മിന്നലേൽക്കുന്നു. ഇങ്ങനെ മിന്നലേൽക്കുമ്പോൾ മരത്തിന്റെ ഉള്ളിലെ സ്രവം മരത്തേക്കാൾ മികച്ച ചാലകമായി പ്രവർത്തിക്കും. ഒരു മിന്നലിന്റെ താപനില കനത്ത ചൂടാണ് പുറത്തുവിടുന്നത്. ഇത് ആന്തരിക മർദ്ദം സൃഷ്ടിക്കുന്നു. അത് മരം ഉള്ളിൽ നിന്ന് പൊട്ടിത്തെറിക്കാൻ കാരണമാകും.' പർഡ്യൂ സർവകലാശാലയുടെ ഫോറസ്ട്രി ആൻഡ് നാച്ചുറൽ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ് അഭിപ്രായപ്പെട്ടു. എന്തൊക്കയായാലും പച്ചമരം നിന്നു കത്തുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.