ബ്രെക്‌സിറ്റ് കരാർ ഭേദഗതി; നിയമനടപടിക്ക് മുമ്പ് യു.കെക്ക് രണ്ടുമാസം സാവകാശം നൽകി ഇ.യു

ലണ്ടൻ: ബ്രെക്‌സിറ്റ് കരാറിലെ വടക്കൻ അയർലൻഡുമായി ബന്ധപ്പെട്ട ചിലഭാഗങ്ങള്‍ മാറ്റിയെഴുതാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നീക്കങ്ങൾക്കെതിരായ നിയമനടപടിക്ക് മുമ്പ് രണ്ടുമാസത്തെ സമയപരിധി നൽകി യൂറോപ്യൻ യൂനിയൻ (ഇ.യു). രണ്ട് മാസത്തിനുള്ളിൽ യു.കെ മറുപടി നൽകിയില്ലെങ്കിൽ, കോടതിയെ സമീപിക്കുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് മാരോസ് സെഫ്‌കോവിച്ച് പറഞ്ഞു.

യു.കെ സർക്കാർ ഈ ആഴ്ച ആദ്യം പാർലമെന്റിൽ പുതിയ വടക്കൻ അയർലൻഡ് പ്രോട്ടോകോൾ ബിൽ അവതരിപ്പിച്ചിരുന്നു. യു.കെയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് വടക്കൻ അയർലൻഡിലേക്കുള്ള ചില സാധനങ്ങളുടെ കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കാനാണ് നിർദിഷ്ട ബില്ലിലൂടെ യു.കെയുടെ ശ്രമം. രണ്ട് വർഷം മുമ്പ് യൂറോപ്യൻ യൂനിയനുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒപ്പുവെച്ച കരാറിലെ വ്യാപാരം, നികുതി, ഭരണസംവിധാനങ്ങൾ എന്നിവ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ എന്നതിനാൽ ഏകപക്ഷീയമായ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യൻ യൂനിയൻ ആരോപിക്കുന്നു.

'അന്താരാഷ്ട്ര ഉടമ്പടി ഏകപക്ഷീയമായി മാറ്റുന്നതിന് നിയമപരമോ രാഷ്ട്രീയമോ ആയ ന്യായീകരണമില്ല. ഇത് നിയമവിരുദ്ധമാണ്. യു.കെ ബിൽ യൂറോപ്യൻ യൂനിയനും യു.കെയും തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ബഹുമാനത്തിനും ഹാനികരമാണ്. ഇത് അനിശ്ചിതത്വവും സൃഷ്ടിച്ചു. അന്താരാഷ്ട്ര സഹകരണത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നു -മാരോസ് സെഫ്‌കോവിച്ച് പറഞ്ഞു.

ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിട്ടെങ്കിലും ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിനെ യൂറോപ്യൻ യൂനിയന്റെ 'ഏക വിപണി'യിൽ നിലനിർത്തിയിരുന്നു. ഇതോടെ ബ്രിട്ടന്റെ മറ്റ് ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ വടക്കൻ അയർലൻഡിൽ കടക്കാൻ നികുതി വേണമെന്നായി. ഈ നികുതി ഒഴിവാക്കുന്ന പുതിയ നിയമത്തിന്റെ കരട് വിദേശ കാര്യ സെക്രട്ടറി തിങ്കളാഴ്ച അവതരിപ്പിച്ചിരുന്നു.

2020ൽ ഒപ്പിട്ട കരാർ ലംഘിച്ചതിന് കഴിഞ്ഞ വർഷം യു.കെ സർക്കാറിനെതിരെ ആരംഭിച്ച നിയമനടപടികൾ ഇരുകക്ഷികളും സംയുക്തമായി 2021 സെപ്റ്റംബറിൽ നിർത്തിവെച്ചിരുന്നു. ബ്രെക്‌സിറ്റ് നിയമങ്ങൾ വടക്കൻ അയർലൻഡിലെ സമാധാനം തകർക്കുന്നുവെന്നും അവ രാഷ്ട്രീയപ്രതിസന്ധിക്ക് കാരണമായെന്നും ബ്രിട്ടനിലെ കൺസർവേറ്റീവ് സർക്കാർ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.