ബര്‍ലിന്‍ തെരഞ്ഞെടുപ്പില്‍ മെര്‍കലിന്‍െറ പാര്‍ട്ടിക്ക് തിരിച്ചടി

ബര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിന്‍ സ്റ്റേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ പാര്‍ട്ടിക്ക് തിരിച്ചടി. 17.5 ശതമാനം വോട്ടുകളുമായി പാര്‍ട്ടി രണ്ടാം സ്ഥാനത്തായി. രണ്ടാഴ്ച മുമ്പ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മെര്‍കലിന്‍െറ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.

കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് അഭയാര്‍ഥികളെ പ്രവേശിക്കുന്നതിന് മെര്‍കലും പാര്‍ട്ടിയും ഉദാര നിലപാട് സ്വീകരിച്ചിരുന്നു. കുടിയേറ്റ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെതിരെ വലതുപക്ഷ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ വിജയിച്ചതായാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ പത്തിടങ്ങളിലെ സഭകളിലും ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടിക്ക് പ്രതിനിധികളെ എത്തിക്കാനായിട്ടുണ്ട്.ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. എന്നാല്‍, 23.1 ശതമാനം വോട്ടുകള്‍ നേടി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഇതോടെ മെര്‍കലിന്‍െറ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. ഇവര്‍ ഗ്രീന്‍ പാര്‍ട്ടിയുമായും ഇടതു പാര്‍ട്ടികളുമായും ചേര്‍ന്ന് പുതിയ സഖ്യത്തിന് രൂപംനല്‍കിയേക്കും.
ബര്‍ലിന്‍ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ അടുത്ത ദേശീയ തെരഞ്ഞെടുപ്പില്‍ മെര്‍കല്‍ മത്സരിക്കുന്ന കാര്യത്തിലും സംശയമുയര്‍ന്നിട്ടുണ്ട്. വലതുപക്ഷ പാര്‍ട്ടികള്‍ക്ക് യൂറോപ്പില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയുടെ സൂചനയായാണ് ഫലം വിലയിരുത്തപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.