ലണ്ടൻ: പതിറ്റാണ്ടുകളോളം ലോകം ഭീതിയോടെ വായിച്ച അൽഖാഇദ എന്ന ഭീകരസംഘടനക്ക് നേതൃത്വം നൽകുകയും യു.എസിലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന് ചുക്കാൻ പിടിച്ചെന്ന് ആരോപിക്കപ്പെടുകയും ചെയ്ത ഉസാമ ബിൻ ലാദിെൻറ മാതാവ് ആലിയ ഗാനിം ആദ്യമായി സ്വന്തം മകനെക്കുറിച്ച് മൗനം വെടിഞ്ഞു. ലണ്ടൻ ആസ്ഥാനമായുള്ള ഗാർഡിയൻ പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മകെന കുറിച്ച് നനവുള്ള ഒാർമകൾ ഗാനിം പങ്കുവെച്ചത്.
മൂന്നു മക്കളിൽ ആദ്യത്തെയാളായി ജനിച്ച ഉസാമയെ ജിദ്ദയിലെ കിങ് അബ്ദുൽഅസീസ് യൂനിവേഴ്സിറ്റിയിൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദപഠനം നടത്തുന്നതിനിടെ പരിചയപ്പെട്ട ചിലരാണ് വഴിതെറ്റിച്ചതെന്ന് മാതാവ് പറഞ്ഞു. അവിടെ പരിചയപ്പെട്ട അബ്ദുല്ല അസ്സാം എന്നയാളാണ് അവനെ വഴിപിഴപ്പിച്ചത്. അസ്സാമിനെ പിന്നീട് സൗദി പുറത്താക്കി. എന്നാൽ, ബിൻ ലാദിൻ അദ്ദേഹത്തെ ആത്മീയ ഉപദേശകനായി സ്വീകരിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം നടക്കുന്ന വിവരം ഒരിക്കലും തന്നോട് പങ്കുവെച്ചിരുന്നില്ലെന്നും ഗാനിം പറഞ്ഞു.
മികച്ച വ്യക്തിത്വവും പഠനോത്സുകതയും പ്രകടിപ്പിച്ചിരുന്ന ഉസാമ 1980കളിൽ റഷ്യൻ അധിനിവേശ സേനക്കെതിരെ പൊരുതാൻ അഫ്ഗാനിസ്താനിലേക്ക് പോയതോടെയാണ് പൂർണമായും വഴിമാറിയത്. അക്കാലത്ത് കണ്ടുമുട്ടിയവരുടെയെല്ലാം ആദരവ് പിടിച്ചുപറ്റി. അന്നൊക്കെ ബിൻ ലാദിനെ കുറിച്ച് എല്ലാവരും അഭിമാനത്തോടെയാണ് സംസാരിച്ചിരുന്നത്. 1999ലാണ് ഗാനിം ഉസാമയെ അവസാനമായി കണ്ടത്. റഷ്യക്കാരിൽനിന്നും തിരിച്ചുപിടിച്ച കാണ്ഡഹാറിലെ സൈനികതാവളത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉമ്മയെയും സഹോദരന്മാരെയും അതിരറ്റ സന്തോഷത്തോടെയാണ് ഉസാമ അന്നു സ്വീകരിച്ചത്.
കൈയിലുണ്ടായിരുന്നതെല്ലാം അഫ്ഗാനിസ്താനിൽ ചെലവിട്ട അവൻ ക്രമേണ തീവ്രവാദ ആശയത്തിലേക്ക് മാറുകയാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്നും ഗാനിം പറഞ്ഞു. ഉസാമക്കെതിരായ യു. എസ് വേട്ട തുടങ്ങിയത് മുതൽ ഇതുവരെ, അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ഗാനിം തയാറല്ലെന്ന് സഹോദരന്മാർ പറയുന്നു. മറ്റുള്ളവർ ചേർന്ന് അവനെ വഴിപിഴപ്പിക്കുകയായിരുന്നുവെന്ന് അവർ ഇടക്കിടെ പരിതപിക്കുമത്രേ. സെപ്തംബർ 11 ആക്രമണത്തിന് പിന്നാലെ കുടുംബം നേരിട്ട പ്രതിസന്ധികളും ഗാനിമും സഹോദരങ്ങളും പങ്കുവെച്ചു. സിറിയയിലും ലെബനാനിലും ഇൗജിപ്തിലും യൂറോപിലുമായി കുടുംബം ചിതറി.
സാമ്പത്തികമായും സാമൂഹികമായും പ്രതാപത്തിൽനിന്ന കുടുംബത്തിന് സ്വന്തം നാട്ടിൽ യാത്രവിലക്ക് നേരിടേണ്ടി വന്നു. വർഷങ്ങൾ പിന്നിടുേമ്പാൾ നിയന്ത്രണങ്ങൾക്ക് അയവ് വന്നിട്ടുണ്ടെന്ന് കുടുംബം പറയുന്നു. സൗദി ഭരണകൂടത്തിെൻറ പ്രത്യേക അനുമതിയോടെയാണ് ഗാർഡിയൻ ലേഖകൻ ഗാനിമിനെ കണ്ടത്. അഭിമുഖവേളയിൽ സൗദി സർക്കാരിെൻറ പ്രതിനിധിയും കൂെടയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.