'കക്കാൻ കയറിയതാണ്, നാട്ടുകാർ കൈവെക്കും മുമ്പ് രക്ഷിക്കണം' -പൊലീസ് സ്റ്റേഷനിലേക്ക് കള്ളന്റെ ഫോൺ കോൾ

ധാക്ക: പലചരക്ക് കടയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് വരിച്ചു. ബംഗ്ലാദേശ് ധാക്കയിലെ പലചരക്ക് കടയിലാണ് സംഭവം.

40 കാരനായ യാസിൻ ഖാനാണ് മോഷണ ശ്രമം പൊലീസിൽ സ്വയം അറിയിച്ച് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തെക്കൻ ബാരിസൽ നഗരത്തിലെ അടച്ചിട്ട പലചരക്ക് കടയിൽ കയറി അലമാരയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു കള്ളൻ.

ജോലി പൂർത്തിയാക്കി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോ​ഴാണ് നേരം വെളുത്തത് യാസിൻ ഖാൻ അറിഞ്ഞത്. നാട്ടുകാർ കടകളിലേക്ക് എത്തിയെന്നും താൻ മോഷണത്തിന് കയറിയ കട നാട്ടുകാർ വളഞ്ഞിരിക്കുകയാണെന്നും മനസ്സിലായി. രോഷാകുലരായ ജനക്കൂട്ടം അക്രമാസക്തരായി തടിച്ചുകൂടിയിരിക്കുകയായിരുന്നു.

ആക്രമണം ഭയന്ന് ഖാൻ പൊലീസ് എമർജൻസി ലൈനിൽ വിളിച്ച് സഹായം അഭ്യർഥിച്ചു. മോഷണത്തിന് ശ്രമിച്ചതാണെന്നും നാട്ടുകാർ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നും രക്ഷിക്കണമെന്നും പറഞ്ഞാണ് പൊലീസിന് ഫോൺ ചെയ്തതെന്ന് ലോക്കൽ പൊലീസ് മേധാവി അസദുസ്സമാൻ പറഞ്ഞു.

'ഞങ്ങൾ കടയിൽ പോയി മോഷ്ടാവിനെ പുറത്തു കൊണ്ടുവന്നു, ജനക്കൂട്ടം തൊടുന്നതിനുമുമ്പ് അവനെ കസ്റ്റഡിയിൽ എടുത്തു' പൊലീസ് മേധാവി പറഞ്ഞു.

കള്ളൻ സ്വയം പൊലീസിനെ വിളിച്ചുവരുത്തിയ അനുഭവം തന്റെ കരിയറിൽ ഉണ്ടായിട്ടില്ലെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു.

ഖാൻ വിലപിടിപ്പുള്ള സാധനങ്ങൾ ഒരു വലിയ ബാഗിൽ നിറച്ചിരുന്നുവെങ്കിലും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനായില്ലെന്ന് സ്റ്റോർ ഉടമ ജോണ്ടു മിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മോഷണശ്രമം സമ്മതിച്ചതോടെ ഖാനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ മറ്റ് നിരവധി കവർച്ചകളിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

Tags:    
News Summary - Fearing Mob Justice, Thief In Bangladesh Calls Cops On Self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.