ഒടുവിൽ കരാറായി; കാലാവസ്ഥാ വ്യതിയാന ആഘാതം നേരിടാൻ ദരിദ്ര രാജ്യങ്ങൾക്ക് സമ്പന്നരുടെ 30,000 കോടി ഡോളർ

ബാക്കു: നാടകീയവും ശ്രമകരവുമായ നീക്കങ്ങൾക്കൊടുവിൽ കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ ദുർബല രാജ്യങ്ങളെ സഹായിക്കാനുള്ള ഫണ്ടിന് യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ പച്ചക്കൊടി. കാലാവസ്ഥാ വ്യതിയാനം കൊണ്ടുവരുന്ന പ്രതിസന്ധികൾ തടയുന്നതിനും നേരിടാൻ തയ്യാറെടുക്കുന്നതിനും വികസ്വര രാജ്യങ്ങൾക്ക് 300 ബില്യൺ ഡോളർ (30000കോടി ഡോളർ) നൽകുമെന്ന് സമ്പന്ന രാജ്യങ്ങൾ പ്രതിജ്ഞയെടുത്തു.

അസർബൈജാനിലെ ബാക്കുവിൽ  നടന്ന ‘കോപ് 29’ലെ അന്തിമവട്ട ചർച്ചകൾ പ്രശ്നകലുഷിതമായതിനെ തുടർന്ന് 33 മണിക്കൂർ വൈകിയാണ് കരാറിൽ തീരുമാനമായത്. ‘ഇതൊരു ദുഷ്‌കരമായ യാത്രയായിരുന്നു. പക്ഷേ, ഞങ്ങൾ ഒരു കരാർ ഉണ്ടാക്കി’യെന്നായിരുന്നു യു.എൻ കാലാവസ്ഥാ സംഘടനയുടെ തലവൻ സൈമൺ സ്റ്റീലി​ന്‍റെ വാക്കുകൾ. അതേസമയം, ഫോസിൽ ഇന്ധന ഉപയോഗത്തിൽനിന്ന് വ്യതിചലിക്കുന്നതിന് രാജ്യങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം പാസാക്കിയ ഉടമ്പടിക്കുമേലുള്ള ചർച്ചകൾ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. 2025ലെ അടുത്ത കാലാവസ്ഥാ സമ്മേളന ചർച്ച വരെ ആ തീരുമാനം മാറ്റിവെച്ചു.

 ഏറെ നാടകീയമായി സംഭവങ്ങളാണ് ശനിയാഴ്ച സമ്മേളനത്തിൽ നടന്നത്. കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ ഇരകളായ വികസ്വര രാജ്യങ്ങൾ, പ്രത്യേകിച്ച് ദുർബല രാജ്യങ്ങൾ ഉച്ചതിരിഞ്ഞ് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയി. ‘നമ്മുടെ ദ്വീപുകൾ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വെറുതെ പറയുന്നതല്ല! ഇവിടെ നിന്നുള്ള മോശമായ ഇടപാടുമായി ഞങ്ങളുടെ രാജ്യങ്ങളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും അടുത്തേക്ക് ഞങ്ങൾ തിരിച്ചുപോകുമെന്ന് നിങ്ങൾ കരുതുന്നണ്ടോ?’ -അലയൻസ് ഓഫ് സ്മോൾ ഐലൻഡ് സ്റ്റേറ്റ്സി​ന്‍റെ അധ്യക്ഷൻ സെഡ്രിക് ഷസ്റ്റർ പറഞ്ഞു.

ഒടുവിൽ ചെറിയ മാറ്റത്തിരുത്തലുകളോടെ കരാർ പാസായി. എല്ലാവരും ആഹ്ളാദത്തോടെയും കരഘോഷത്തോടെയും എതിരേറ്റെങ്കിലും ഇന്ത്യൻ പ്രതിനിധിയുടെ രോഷം നിറഞ്ഞ പ്രസംഗം കരാറിലെ കടുത്ത നിരാശയെ പ്രതിഫലിപ്പിച്ചു. തുക വളരെ ചെറുതാണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രതിനിധി ലീലാ നന്ദൻ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഈ നിർദിഷ്ട ലക്ഷ്യത്തിലൂടെ ഞങ്ങൾക്ക് ഒന്നും പരിഹരിക്കാനാവില്ലെന്നും പറഞ്ഞു.

ചരിത്രപരമായി കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കുറഞ്ഞ സംഭാവന നൽകിയിട്ടുള്ളവരാണ് ദരിദ്ര രാജ്യങ്ങൾ. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന് നിലവിൽ ലഭ്യമായ ഫണ്ടി​ന്‍റെ 40ശതമാനം മാത്രമേ അവർക്കായി ചെലവഴിച്ചിട്ടുള്ളൂ. സമ്പന്ന രാജ്യങ്ങൾ ഇപ്പോൾ വാഗ്ദാനം ചെയ്ത സഹായ ഫണ്ടും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം തടയാൻ സഹായിക്കുന്നതിന് 2035 ഓടെ 1.3 ട്രില്യൺ ഡോളർ ആവശ്യമായി വരുമെന്ന് രാജ്യങ്ങൾ സമ്മതിച്ചു.

പുതുതായി വാഗ്‌ദാനം ചെയ്‌ത പണം സർക്കാർ ഗ്രാന്‍റുകളിൽ നിന്നും സ്വകാര്യമേഖലയിൽ നിന്നും ബാങ്കുകളിൽ നിന്നും ബിസിനസുകളിൽ നിന്നും വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഫോസിൽ ഇന്ധന ശേഷിയിനിന്ന് മാറി പുനഃരുപയോഗ ഊർജം ഉപയോഗിക്കുന്നതിന് രാജ്യങ്ങളെ സഹായിക്കുകയും വേണം. ഈ വർഷം രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ചൂടേറിയതായിരുന്നു. തീവ്രമായ ഉഷ്ണതരംഗങ്ങളും മാരകമായ കൊടുങ്കാറ്റുകളും ഉണ്ടായി.

 യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡൊണാൾഡ് ട്രംപി​ന്‍റെ തിരഞ്ഞെടുപ്പിലൂന്നിയാണ് ഇത്തവണത്തെ കാലാവസ്ഥാ ചർച്ചകളുടെ തുടക്കം കുറിച്ചത്. കാലാവസ്ഥാ വ്യതിയാനം കെട്ടുകഥയാണെന്ന് തള്ളിയ ട്രംപ്, ഇതിനെ നേരിടാൻ 2015ൽ യു.എൻ തയ്യാറാക്കിയ റോഡ് മാപ്പായ പാരീസ് ഉടമ്പടിയിൽനിന്ന് യു.എസിനെ പുറത്തെടുക്കുമെന്നും പറഞ്ഞിരുന്നു. ‘ട്രംപ് ഒരു ചില്ലിക്കാശും നൽകില്ലെന്നും ആ കുറവ് നികത്തേണ്ടിവരുമെന്നും മറ്റ് വികസിത രാജ്യ ദാതാക്കൾക്ക് നന്നായി അറിയാം’-കേംബ്രിഡ്ജ് സർവകലാശാലയിലെ അന്താരാഷ്ട്ര കാലാവസ്ഥാ ചർച്ചകളിൽ വിദഗ്ദനായ പ്രഫ. ജോവാന ഡിപ്ലെഡ്ജ് പ്രതികരിച്ചു. ഈ കരാറിലെത്തിയത് ഒരുമിച്ച് പ്രവർത്തിക്കാൻ രാജ്യങ്ങൾ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ് എന്നതി​ന്‍റെ സൂചനയാണ്. എന്നാൽ ഈ ഗ്രഹത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ഒരു പങ്കും വഹിക്കാൻ സാധ്യതയില്ല. COP29 ലെ നീണ്ടുനിന്ന ‘അവസാന കളി’ കഠിനമായ ഭൗമരാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നു. ദാതാക്കളുടെ രാജ്യങ്ങളും ലോകത്തിലെ ഏറ്റവും ദുർബലരായ രാജ്യങ്ങളും തമ്മിലുള്ള വികലമായ ഒത്തുതീർപ്പാണ് ഫലം -ഏഷ്യാ സൊസൈറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ലി ഷുവോ പറഞ്ഞു.

കൂടുതൽ കാലാവസ്ഥാ ധനസഹായം കൊണ്ടുവരാനുള്ള പുതിയ കരാറിൽ ബ്രിട്ടൻ പ്രതിജ്ഞാബദ്ധമല്ലെന്നും എന്നാൽ ഇത് മറ്റ് വിപണികളിൽ നിക്ഷേപിക്കാനുള്ള ബ്രിട്ടീഷ് വ്യവസായങ്ങൾക്ക് ‘വലിയ അവസരമാണെന്നും’ യു.കെ എനർജി സെക്രട്ടറി എഡ് മിലിബാൻഡ് ഊന്നിപ്പറഞ്ഞു.

ഫോസിൽ ഇന്ധനങ്ങളുടെ ആഗോള ഉപയോഗം കുറക്കുന്നതിനോടുള്ള പ്രതികരണങ്ങൾ വളരെ ദുർബലമാണെന്ന് സ്വിറ്റ്സർലൻഡ്, മാലിദ്വീപ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പ്രതിഷേധിച്ചു. കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം ശക്തമാകുമെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതു​ണ്ടായില്ല. എണ്ണ, വാതക കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾ ഇതി​ന്‍റെ ചർച്ചാപുരോഗതി തടയാൻ ചർച്ചകളിൽ ശക്തമായ പോരാട്ടം നടത്തുന്നതായി റിപ്പോർട്ട് വന്നു.

സ്വന്തം രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുതിയ പദ്ധതികളുമായി നിരവധി രാജ്യങ്ങൾ ചർച്ചകൾ നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ലോക വേദിയിൽ കാലാവസ്ഥാ നേതൃത്വത്തിനായി ഒരു തിരക്കഥ തയ്യാറാക്കുകയും 2035 ഓടെ രാജ്യം കാർബൺ ബഹിർഗമനം 81ശതമാനം ആയി കുറക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. കാലാവസ്ഥാ ചർച്ചകളുടെ ഒരു വിവാദ വേദിയായി മാറിയ ആതിഥേയ രാഷ്ട്രമായ അസർബൈജാൻ അടുത്ത ദശകത്തിൽ പ്രകൃതി വാതക ഉൽപാദനം മൂന്നിലൊന്നായി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിൽ ആഗോളതലത്തിൽ പ്രാധാന്യമുള്ള ആമസോൺ മഴക്കാടുകളിലെ വനനശീകരണം കുറക്കുന്നതിനുള്ള പ്രസിഡന്‍റ് ലുലയുടെ ശക്തമായ പ്രതിബദ്ധത കാരണം അടുത്ത വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ബ്രസീൽ ആതിഥേയത്വം വഹിക്കാൻ തീരുമാനമായി.

സാമ്പത്തിക പാക്കേജ് നിരസിച്ച് ഇന്ത്യ

ബാക്കു: യു.എൻ കാലാവസ്ഥാ സമ്മേളനത്തിൽ ഗ്ലോബൽ സൗത്തിനുള്ള 300 ബില്യൺ യു.എസ് ഡോളറി​ന്‍റെ പുതിയ സാമ്പത്തിക പാക്കേജ് ഇന്ത്യ നിരസിച്ചു. ഇത് വളരെ കുറവാണെന്നും വളരെ വൈകിയെന്നും ഇന്ത്യ പ്രസ്താവിച്ചു. കരാർ അംഗീകരിക്കുന്നതിന് മുമ്പ് സംസാരിക്കാൻ തങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് സാമ്പത്തിക കാര്യ വകുപ്പ് ഉപദേഷ്ടാവ് ചാന്ദ്‌നി റെയ്‌ന പറഞ്ഞു.

300 ബില്യൺ ഡോളർ വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും പരിഗണിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ ആഘാതം കണക്കിലെടുക്കാത്തതാണിത്. വ്യത്യസ്തമായ ഉത്തരവാദിത്തങ്ങൾ, ഇക്വിറ്റി എന്നിവയുടെ തത്വവുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. ഞങ്ങൾ വളരെ അതൃപ്തരാണ് ഈ പ്രക്രിയയിൽ നിരാശരാണ് ഈ അജണ്ട അംഗീകരിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നു -ഇന്ത്യൻ പ്രതിനിധി പറഞ്ഞു. 300 ബില്യൺ യു.എസ് ഡോളറി​ന്‍റെ കാലാവസ്ഥാ പാക്കേജ് ഒരു തമാശയാണെന്ന് ഇന്ത്യയെ പിന്തുണച്ചുകൊണ്ട് നൈജീരിയ പറഞ്ഞു. മലാവിയും ബൊളീവിയയും ഇന്ത്യക്ക് പിന്തുണ നൽകി.

Tags:    
News Summary - Finally the agreement was reached; Rich Countries pay $300 billion for poor countries to deal with climate impacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.