വഡോദര: ലോകത്ത് ഇതുവരെ ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും വലിയ പാമ്പിന്റെ അവശിഷ്ടമാണ് ഗുജറാത്തിൽ നിന്ന് കണ്ടെത്തിയ ഫോസിൽ കശേരുക്കളെന്ന് ശാസ്ത്രജ്ഞർ. 2005ൽ ഐ.ഐ.ടി റൂർക്കിയിലെ ഗവേഷകരാണ് പാമ്പിന്റെ ഫോസിലുകൾ കണ്ടെത്തിയത്. അതിനു ശേഷം വർഷങ്ങൾ നീണ്ട പഠനത്തിനു ശേഷമാണ് അത് ലോകത്തിലെ ഏറ്റവും വലിയ പാമ്പാണെന്ന് സ്ഥിരീകരിച്ചത്.
വാസുകി ഇൻഡികസ് എന്നാണ് 47മില്യൺ വർഷങ്ങൾക്കു മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന പാമ്പിന് പേരിട്ടിരിക്കുന്നത്. നട്ടെല്ലിന്റെ ഭാഗങ്ങളിൽ നടത്തിയ പഠനത്തിൽ ഇത് വിഷമില്ലാത്ത ഒരിനം പാമ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 11 മുതൽ 15 മീറ്റർ വരെ നീളമുള്ള പാമ്പിന് ഒരു ടണ്ണോളം ഭാരമുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ വളരെ സാവധാനം ഇരപിടിക്കാൻ മാത്രമേ ഇവക്ക് സാധിക്കൂ. ഇരയെ ചുറ്റിപ്പിണഞ്ഞ് ഞെരിച്ച് ഭക്ഷിക്കുന്ന രീതിയായിരിക്കും വാസുകിയുടേത് എന്നും ഗവേഷകർ വിലയിരുത്തി. സയൻസിഫിസ് റിപ്പോർട്സിലെ സ്പ്രിങ്ർ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഗോളതാപനം ഇന്നത്തേക്കാൾ ഉയർന്ന സമയത്ത് ഈ പാമ്പ് തീരത്തിനടുത്തുള്ള ചതുപ്പുനിലങ്ങളിലാണ് താമസിച്ചിരുന്നതെന്ന് ഐ.ഐ.ടി റൂർക്കിയിലെ പാലിയന്റോളജിയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനും പഠനത്തിന് ചുക്കാൻ പിടിച്ചയാളുമായ ദേബജിത് ദത്ത പറയുന്നു.
പുരാണത്തിലെ ശിവനുമായി ബന്ധമുള്ള നാഗരാജാവായ വാസുകിയുടെ പേരാണ് ഫോസിലിന് നൽകിയിരിക്കുന്നത്. കണ്ടുപിടിത്തം ശാസ്ത്രജ്ഞർക്ക് പാമ്പുകളുടെ പരിണാമത്തെക്കുറിച്ച് കൂടുതൽ അടുത്തറിയാനും ഭൂഖണ്ഡങ്ങൾ കാലക്രമേണ എങ്ങനെ ഭൗതികമായി മാറുകയും ലോകമെമ്പാടും ജീവിവർഗങ്ങൾ ചിതറിക്കിടക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും നൽകാൻ സഹായിക്കുന്നു.
വാസുകിയെ കണ്ടെത്തുന്നതിന് മുമ്പ് 60 മില്യൺ വർഷങ്ങൾക്ക് മുമ്പ് കൊളംബിയയിൽ ജീവിച്ചിരുന്ന ടിറ്റനോബ എന്ന പാമ്പാണ് ലോകത്തിലെ ഏറ്റവും വലിയ പാമ്പ് എന്നാണ് കരുതിയിരുന്നത്. നിലവിൽ ലോകത്തിൽ ഏറ്റവും വലിയ പാമ്പുള്ളത് ഏഷ്യയിലെ റെറ്റിക്യുലേറ്റഡ് ആണ്. 10 മീറ്റർ ആണ് അതിന്റെ നീളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.