വാഷിംങ്ടൺ: യു.എസിലെ തെക്കു കിഴക്കൻ സംസ്ഥാനമായ അലബാമയിലെ ബിർമിംഗ്ഹാമിൽ നടന്ന കൂട്ട വെടിവെടിവെപ്പിൽ നാല് പേരെങ്കിലും കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്.
നഗരത്തിലെ ഫൈവ് പോയിന്‍റ്സ് സൗത്ത് ഏരിയയിൽ ശനിയാഴ്ച രാത്രി ഒന്നിലധികം ഷൂട്ടർമാർ ഒരു കൂട്ടം ആളുകൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തതായി ബർമിംഗ്ഹാം പൊലീസ് ഓഫിസർ ട്രൂമാൻ ഫിറ്റ്‌സ് ജെറാൾഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. നാലാമത്തെയൾ ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്.
വെടിയേറ്റവരിൽ നാല് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റതായി ജെറാൾഡ് പറഞ്ഞു. തോക്കുധാരികൾ ഇരകളുടെ അടുത്തേക്ക് വന്നത് നടന്നാണോ അതോ വാഹനമോടിച്ചാണോ എന്നത് അന്വേഷിക്കുകയാണെന്നും പ്രതികളെ പിടികൂടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിന്‍റ്സ് സൗത്. ധാരാളം ആളുകൾ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്. ഇവിടുത്തെ മഗ്നോളിയ അവന്യൂവിലാണ് വെടിവെപ്പ് നടന്നത്.
വെടിയൊച്ചകൾ കേട്ടപ്പോൾ ഓട്ടോമേറ്റിക് തോക്കിൽ നിന്നാണെന്ന് തോന്നിയതായി ആ സമയത്ത് അവിടെയുണ്ടായിരുന്നവർ പറഞ്ഞു. രാജ്യത്തെ ഗൺ വയലൻസ് ആർകൈവിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് ഈ വർഷം ഇതുവരെ യു.എസിലുടനീളം 400ലധികം കൂട്ട വെടിവെപ്പുകൾ നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.