തെൽഅവീവ്: വടക്കൻ ഗസ്സയിൽ ഹമാസിന്‍റെ തിരിച്ചടിയിൽ നാലു ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. കഫീർ ബ്രിഗേഡിന്‍റെ ഷിംഷോൺ ബറ്റാലിയനിലുള്ള സ്റ്റാഫ് സർജെന്‍റുമാരായ ഓർ കാട്സ് (20), നാവ് യെർ അസൂലിൻ (21), ഗാരി ലാൽഹ്രുഐകിമ സോലറ്റ് (21), ഒഫീർ എലിയാഹു (20) എന്നിവരാണ് മരിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മുതിർന്ന കമാൻഡർ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു.
വടക്കൻ ഗസ്സയിലെ ഒരു കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന സൈനികർക്കുനേരെ ടാങ്ക് വേധ മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ജബലിയക്കു സമീപത്തെ ബെയ്ത് ലാഹിയ മേഖലയിൽ കഫീർ ബ്രിഗേഡിന്‍റെ നേതൃത്വത്തിലാണ് സൈനിക നീക്കം നടക്കുന്നത്. ഹമാസ് ആക്രമണത്തിൽ ഇസ്രായേൽ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനിടെ അഞ്ചു സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. ഇതോടെ ഗസ്സയിൽ കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം മാത്രം 375 ആയി.
കഴിഞ്ഞ ഒക്ടോബറിലാണ് ജബലിയ മേഖലയിൽ ഇസ്രായേൽ കരമാർഗം സൈനിക നടപടി ആരംഭിക്കുന്നത്. കഴിഞ്ഞമാസം വരെ പ്രദേശത്ത് 60,000ത്തോളം ഗസ്സക്കാരുണ്ടായിരുന്നു. നിലവിൽ ജബലിയയിൽ നൂറിനു താഴെ മാത്രമാണ് ജനസംഖ്യ. ബാക്കിയുള്ളവരെല്ലാം സുരക്ഷിത ഇടങ്ങൾ തേടി രക്ഷപ്പെട്ടു. ജബലിയയിൽ ആയിരത്തിലധികം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേൽ സൈന്യത്തിന്‍റെ അവകാശവാദം. ഇസ്രായേലിന്‍റെ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ 43,000 പേർ കൊല്ലപ്പെട്ടെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരും കുട്ടികളും സ്ത്രീകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.