സ്ത്രീകൾക്കെതിരെ സ്‌പൈ കാമറകൾ മുതൽ ഡീപ്‌ഫേക്ക് പോൺ വരെ: ആശങ്കയിൽ ദക്ഷിണ കൊറിയ

സിയോൾ: സ്ത്രീകളെ അവർ അറിയാതെ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്ന സ്പൈ കാമറകളും ഡീപ് ​​ഫേക്ക് പോണുമെല്ലാം ചേർന്ന് അശ്ലീലവും കുറ്റകൃത്യങ്ങളും പകർച്ചവ്യാധിപോലെ ദക്ഷിണ ​കൊറിയയെ വലക്കുന്നു. ഇ​തേത്തുടർന്ന് തങ്ങൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയൻ സ്ത്രീകൾ രോഷാകുലരായി അടുത്തിടെ സിയോളിലെ തെരുവുകളിലേക്കിറങ്ങി. ഏഷ്യയിലെ ‘മീ റ്റൂ’ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജ്യങ്ങളൊന്നായ ദക്ഷിണ കൊറിയ സ്ത്രീക​ൾക്കെതിരിലുള്ള ഡിജിറ്റൽ കുറ്റകൃത്യങ്ങളുടെ ഹബ്ബായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിടുന്ന ഈ പുതിയ ഭീഷണിയുടെ ആവിർഭാവം വളരെക്കാലം മുമ്പ് അഭിസംബോധന ചെയ്യേണ്ടതായിരുന്നുവെന്ന് സ്ത്രീയവകാശങ്ങൾക്കായി വാദിക്കുന്ന സിയോളുകാരിയായ 26 കാരിയായ ജൂഹീ ജിൻ പറയുന്നു. അധികൃതർ മുൻകരുതലുകൾ എടുക്കുകയും ശരിയായ വിദ്യാഭ്യാസം നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതുവഴി ആളുകൾക്ക് ഈ കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് തടയാൻ കഴിയുമെന്നും അവർ പ്രതീക്ഷ പങ്കുവെച്ചു.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും മുഖം അവരുടെ അറിവോ സമ്മതമോ കൂടാതെ മറ്റൊരു നഗ്ന ശരീരത്തിൽ ഡിജിറ്റലായി സൂപ്പർ ഇമ്പോസ് ചെയ്യുന്ന 513 ഡീപ്ഫേക്ക് പോണോഗ്രാഫി കേസുകൾ അന്വേഷിക്കുന്നതായി ദേശീയ പോലീസ് ഏജൻസി ഈ ആഴ്ച അറിയിച്ചിരുന്നു. കേവലം 40 ദിവസത്തിനുള്ളിൽ ഇത്തരം കേസുകളിൽ 70ശതമാനം കുതിച്ചുചാട്ടമുണ്ടായതായും സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കണമെന്നതിന് ഇത് അടിവരയിടുന്നുവെന്നും ‘യോൻഹാപ്പ്’ വാർത്താ ഏജൻസി പറഞ്ഞു. ഡീപ്‌ഫേക്ക് അശ്ലീലത്തി​ന്‍റെ ദ്രുതഗതിയിലുള്ള വർധനയെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ നിരവധിയാണ്. ലോകത്തെ ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് ഇതി​ന്‍റെ സംഭാവന വളരെയധികമാണ്.


ഇരകളുടെ കൃത്യമായ എണ്ണം പരിശോധിക്കാൻ പ്രയാസമാണെന്നും നിലവിലെ പ്രവണത തുടരുകയാണെങ്കിൽ വർഷാവസാനത്തോടെ ദക്ഷിണ കൊറിയ റെക്കോർഡ് ഉയരത്തിലെത്തുമെന്നുമാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. ഡീപ്‌ഫേക്ക് പോൺ കേസുകളുടെ എണ്ണം സമീപ വർഷങ്ങളിൽ ക്രമാനുഗതമായി വർധിച്ചിട്ടുണ്ട്. 2021ൽ 156 ആയിരുന്നത് 2023ൽ 180 ആയി. ഇരകൾ കൂടുതലും വിദ്യാർത്ഥികളും അധ്യാപകരും സൈനികരും ഉൾപ്പെടെയുള്ള യുവതികളും പെൺകുട്ടികളുമാണ്. കഴിഞ്ഞ വർഷത്തെ കേസുകളിൽ മൂന്നിൽ രണ്ട് പേരും കൗമാരക്കാരായിരുന്നു. അക്രമികളും പലപ്പോഴും പ്രായപൂർത്തിയാകാത്തവരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ തടവിലാക്കപ്പെട്ടവരിൽ 79 ശതമാനവും കൗമാരക്കാരാണെന്ന് ‘യോൻഹാപ്പ്’ പറയുന്നു.

പ്രശ്നത്തി​ന്‍റെ വ്യാപ്തി പല ദക്ഷിണ കൊറിയക്കാരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഡീപ്ഫേക്ക് പോണോഗ്രാഫി സൃഷ്ടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പേരുകേട്ട ഒരു ടെലിഗ്രാം ചാറ്റ്റൂമിൽ 220,000 അംഗങ്ങളും മറ്റൊന്നിൽ 400,000ത്തിലധികം ഉപയോക്താക്കളും ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡീപ്ഫേക്കിലൂടെ സ്ത്രീകളെ അപമാനിക്കാനും തരംതാഴ്ത്താനും ചില മുറികൾ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സെപ്തംബർ 21 ന് സോളിൽ ഒരു വലിയ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഓൺലൈൻ പ്ലാറ്റ്​ഫോമായ ടെലിഗ്രാമിനെക്കുറിച്ച് പോലീസ് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ സംഭവങ്ങൾ അന്വേഷിക്കാനും അവനവ​ന്‍റെ ചിത്രങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കാനും ഇരകളെ പിന്തുണക്കാനും വിദ്യാഭ്യാസ മന്ത്രാലയം ഒരു ടാസ്‌ക്‌ഫോഴ്‌സിനെ നിയോഗിച്ചിരിക്കുകയാണ്.

Tags:    
News Summary - From spy cams to deepfake porn: fury in South Korea as women targeted again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.