ടോകിയോ: ഒരു പതിറ്റാണ്ട് മുമ്പ് സൂനാമിയിൽ തകർന്ന ഫുകുഷിമ ആണവ നിലയത്തിലെ 10 ലക്ഷം ടണ്ണിലേറെ വരുന്ന മലിന ജലം കടലിലൊഴുക്കാൻ ജപ്പാൻ സർക്കാർ. അയൽരാജ്യങ്ങളെയും ഫുകുഷിമയിലെ തന്നെ മത്സ്യബന്ധന വ്യവസായത്തെയും മുനയിൽ നിർത്തിയാണ് നീണ്ട വിവാദങ്ങൾക്കൊടുവിൽ തീരുമാനം. ഫുകുഷിമ നിലയം പൂർണമായി പൊളിച്ചുമാറ്റാൻ ഇതല്ലാതെ വഴിയില്ലെന്ന് മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.
ചെറിയ അളവിലെങ്കിൽ അത്ര അപകടകരമല്ലാത്ത ട്രിറ്റിയം എന്ന റേഡീയോആക്ടീവ് വസ്തു അടങ്ങിയതാണ് ഈ ജലം. ഇതോടൊപ്പം ആണവ വിഗിരണ ശേഷിയുള്ള മറ്റു വസ്തുക്കളുമുണ്ട്. എന്നാൽ, മറ്റുള്ളവ നീക്കം ചെയ്യുകയോ നേർപിക്കുകയോ ചെയ്യാമെങ്കിലും ട്രിറ്റിയം വേർതിരിച്ചെടുക്കൽ എളുപ്പമല്ലെന്ന് ആണവ നിലയം ഉടമകളായ ടെപ്കോ പറഞ്ഞു. സംസ്കരണം പൂർത്തിയാക്കിയ ശേഷമാണ് ജലം പുറത്തേക്ക് കളയുകയെന്ന് സർക്കാർ അറിയിക്കുന്നുണ്ടെങ്കിലും നീക്കത്തിനെതിരെ ഗ്രീൻപീസ് ഉൾപെടെ പ്രമുഖ പരിസ്ഥിതി സംഘടനകളൊക്കെയും രംഗത്തുവന്നിട്ടുണ്ട്.
ആണവ നിലയത്തിനകത്ത് 12.5 ലക്ഷം ടൺ മലിനജലമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. നിലയം തണുപ്പിക്കാൻ ഉപയോഗിച്ച ജലത്തിനൊപ്പം ഭൂഗർഭജലവും മഴവെള്ളവും ചേർന്നതാണ് ഇവ. കടലിലൊഴുക്കും മുമ്പ് ഇനിയും സംസ്കരണം നടത്തി അപകടകരമായ ഐസോടോപുകൾ വേർതിരിച്ചെടുക്കണം.
ഓരോ ദിവസവും 140 ടൺ എന്ന കണക്കിൽ വർധിച്ചുവരുന്ന റേഡിയോ ആക്റ്റീവ് ജലം 1,000 ടാങ്കുകളിലായാണ് സംഭരിച്ചുവെച്ചിരിക്കുന്നത്. നിരന്തരം കൂടിവരുന്ന സാഹചര്യത്തിൽ മാസങ്ങൾക്കുള്ളിൽ ഇവ നിറയുമെന്നതിനാലാണ് കടലിൽ ഒഴുക്കുന്നത്.
ഒളിമ്പിക്സ് മാസങ്ങൾ അടുത്തെത്തിനിൽക്കെയാണ് ജപ്പാനെ പ്രതിക്കൂട്ടിൽനിർത്തുന്ന പുതിയ നീക്കം. ദക്ഷിണ കൊറിയ, ചൈന, തായ്വാൻ രാജ്യങ്ങൾ ഇതിനകം മലിന ജലം കടലിെലാഴുക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.