ശാസ്ത്രത്തിന്റെ കാര്യം പറയുമ്പോൾ ഭക്തിക്ക് എന്താ കാര്യം എന്ന് ചോദിക്കാനോ പാടില്ല. ചാന്ദ്രയാൻ വിക്ഷേപണ സമയത്ത് ശാസ്ത്രജ്ഞരുടെ അമിതമായ ഭക്തിപ്രകടനം നാം അനുഭവിച്ചറിഞ്ഞതാണ്. മൂന്നാംതവണ ബഹിരാകാശ യാത്രക്കൊരുങ്ങുന്ന സുനിത വില്യംസിന്റെ കാര്യവും വ്യത്യസ്തമല്ല. ചൊവ്വാഴ്ച കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് യാത്രപുറപ്പെടുന്ന സുനിത ഒപ്പം കൊണ്ടുപോകുന്നത് ഗണേശവിഗ്രഹവും ഭഗവത് ഗീതയുമാണ്. ഗണേശനാണ് തന്റെ ഭാഗ്യത്തിന് കാരണം. മതപരമായ അനുഷ്ഠാനങ്ങളേക്കാൾ കൂടുതൽ ആത്മീയതയോടാണ് തനിക്ക് കൂടുതൽ ചായ് വെന്നും സുനിത മാധ്യമങ്ങളോട് പറഞ്ഞു. മുമ്പത്തെ ബഹിരാകാശ യാത്രകളിലും സുനിത ഭഗവത് ഗീത കൊണ്ടുപോയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാരത്തൺ ഓട്ടം നടത്തുന്നതും സുനിതയുടെ ഹോബികളിലൊന്നാണ്.
ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിതയുടെ യാത്ര. മേയ് ഏഴിന് ഇന്ത്യൻ സമയം രാവിലെ 8.04ന് കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നായിരിക്കും യാത്ര തുടങ്ങുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത പറഞ്ഞു.
പുതിയ ബഹിരാകാശ പേടകത്തിലെ യാത്രയെ കുറിച്ച് ഏറെ ആകാംക്ഷയുണ്ടെന്ന് അവർ പറഞ്ഞു. നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായ സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റ് ആണിത്.റിപ്പോർട്ടുകൾ പ്രകാരം ക്രൂ സ്പേസ് ട്രാൻസ്പോർട്ടേഷൻ 100 സ്റ്റാർലൈനർ പേടകം ഏഴ് യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിലാണ് നിർമിച്ചിരിക്കുന്നത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.
സുനിത 2006ലും 2012ലുമാണ് ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് പറന്നത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചു. 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയുടെ പേരിലുണ്ട്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.