ഗസ്സയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ ഉറ്റവരെ തിരയുന്ന കുട്ടികൾ
വാഷിങ്ടൺ: ഒന്നര വർഷമായി അരലക്ഷം പിന്നിട്ട് വംശഹത്യ തുടരുന്ന ഗസ്സയിൽ അധിനിവേശം പൂർണമാക്കി സൈനിക ഭരണം ഏർപ്പെടുത്താൻ ഇസ്രായേൽ. സഹായവിതരണം ഉൾപ്പെടെ ഏറ്റെടുത്ത് നിയന്ത്രണം സൈന്യം നേരിട്ട് നടത്തുന്ന പദ്ധതി യു.എസ് ഉന്നത നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാൾട്സ്, രഹസ്യാന്വേഷണ, പ്രതിരോധ, നയതന്ത്ര വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുമായി ഇസ്രായേൽ നയകാര്യ മന്ത്രി റോൺ ഡെർമറാണ് ചർച്ച നടത്തുക. ഇതിനായി ഞായറാഴ്ചയോടെ യു.എസിലേക്ക് തിരിച്ച ഡെർമർക്കൊപ്പം ഇസ്രായേൽ ദേശീയ സുരക്ഷ കൗൺസിൽ, ഐ.ഡി.എഫ്, മൊസാദ്, വിദേശകാര്യ മന്ത്രാലയം, ആണവോർജ ഏജൻസി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘവുമുണ്ട്.
ഗസ്സയെ സൈനിക ഭരണത്തിലാക്കുന്ന തീരുമാനം ഇതുവരെ ഇസ്രായേൽ സ്വീകരിച്ചിരുന്നില്ല. എന്നാൽ, യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഭരണമേറിയതിനൊപ്പം ഇസ്രായേലിൽ പുതിയ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ചുമതലയേറ്റതോടെയാണ് നിലപാട് മാറുന്നത്. പൂർണാർഥത്തിൽ ഗസ്സ വരുതിയിലാക്കാൻ അഞ്ച് ഐ.ഡി.എഫ് ഡിവിഷനുകൾ വേണ്ടിവരുമെന്നാണ് ഇസ്രായേൽ കണക്കുകൂട്ടൽ.
ട്രംപ് അധികാരമേറ്റയുടൻ ഗസ്സ അമേരിക്കൻ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം ശക്തമായതിനൊപ്പം ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങൾ ഗസ്സ പുനർനിർമാണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇസ്രായേൽ നേരിട്ട് സമ്പൂർണ അധിനിവേശവും സൈനിക ഭരണവും നടപ്പാക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.