വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ജർമ്മനിയും ഫ്രാൻസും. ബലപ്രയോഗത്തിലൂടെ അതിർത്തികൾ മാറ്റാൻ ശ്രമിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഇരു രാജ്യങ്ങളുടേയും മുന്നറിയിപ്പ്. സാമ്പത്തിക ഉപരോധത്തിലൂടെയും സൈനിക നീക്കത്തിലൂടെയും ഡാനിഷ് ഭരണത്തിന് കീഴിലുള്ള ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ നീക്കം നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
അതിർത്തികൾ ലംഘിക്കുന്നില്ലെന്ന തത്വം എല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്ന് ജർമ്മൻ ചാൻസിലർ ഓൾഫ് ഷോൾസ് എക്സിൽ കുറിച്ചു. ചെറിയ രാജ്യമാണെങ്കിലും ശക്തമായ രാജ്യമാണെങ്കിലും അതിർത്തികൾ ബഹുമാനിക്കണമെന്ന് ഷോൾസ് വ്യക്തമാക്കി. ഫ്രഞ്ച് വിദേശകാര്യമന്ത്രിയും ട്രംപിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ നടപ്പിലാക്കാൻ യുറോപ്പ് ഒന്നിച്ചുനിൽക്കുമെന്ന് ഫ്രാൻസ് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരോട്ട് പറഞ്ഞു. സ്വതന്ത്രമായ അതിർത്തികൾ ആക്രമിക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.യു.എസ് ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ശക്തമായ നിയമങ്ങളുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻലാൻഡിന്റെ വിഷയത്തിൽ ട്രംപുമായി ചർച്ച തുടങ്ങിയതായി ഡെൻമാർക്ക് അറിയിച്ചു. ഗ്രീൻലാൻഡിന്റെ കാര്യത്തിൽ സുരക്ഷാഭീഷണികൾ ഉണ്ട്. എന്നാൽ, ബലപ്രയോഗത്തിന്റെ ഭാഷയിലുള്ള ഭീഷണികൾ നിരസിക്കുകയാണെന്ന് ഗ്രീൻലാൻഡ് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസ്സെൻ പറഞ്ഞു.
ഡോണാൾഡ് ട്രംപുമായി എനിക്ക് സ്വന്തം അനുഭവങ്ങളുണ്ട്. ഗ്രീൻലാഡിനെ യു.എസിന്റെ ഭാഗമാകുമെന്ന സാധ്യതകളെ ട്രംപ് നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. സ്വതന്ത്ര്യരാജ്യമാകണമെന്ന അഭിലാഷം ഗ്രീൻലാൻഡ് പ്രകടിപ്പിക്കുകയാണെങ്കിൽ അതിന് അനുകൂലിക്കുമെന്നും എന്നാൽ, രാജ്യം യു.എസിന്റെ സ്റ്റേറ്റിന്റെ ഭാഗമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.