28 അഫ്ഗാൻ പൗരന്മാരെ നാടുകടത്തി ജർമനി

ബെർലിൻ: ക്രിമിനൽ കുറ്റങ്ങൾ ആരോപിച്ച് 28 അഫ്ഗാനിസ്‍താൻ പൗരന്മാരെ ജർമനി നാടുകടത്തി. അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ജർമനി പൗരന്മാരെ തിരിച്ചയക്കുന്നത്.

മാസങ്ങളായി ഇതു സംബന്ധിച്ച ചർച്ചയിലായിരുന്നെന്നും സോളിങ്കൻ പട്ടണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ജർമനിയിൽ അഭയാർഥിയായ സിറിയൻ പൗരൻ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്നും സർക്കാർ വക്താവ് സ്റ്റീഫൻ ഹെബെസ്ട്രെയ്റ്റ് പറഞ്ഞു. അതേസമയം നാടുകടത്തപ്പെട്ടവർക്കുമേൽ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല.

ജർമനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രി നാൻ ഫീസർ അറിയിച്ചു. താലിബാൻ അധികൃതരുമായി ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന രണ്ടുമാസത്തെ ചർച്ചക്കൊടുവിലാണ് നാടുകടത്തലിൽ തീരുമാനമായതെന്ന് ജർമൻ മാസിക ദെർ സ്പീഗൽ റിപ്പോർട്ട് ചെയ്തു. 2021 ആഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്താനുമായുള്ള നയതന്ത്ര ബന്ധം ജർമനി റദ്ദാക്കിയിരുന്നു. ബൾഗേറിയയിലേക്ക് നാടുകടത്താൻ നേരത്തെ ജർമനി തീരുമാനിച്ചിരുന്ന സിറിയൻ പൗരനാണ് സോളിങ്കൻ കൊലപാതകക്കേസിൽ അറസ്റ്റിലായത്.

News Summary - Germany deports 28 Afghan nationals to their homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.