പാരിസ്: ലജ്ജിക്കേണ്ടത് താനല്ലെന്നും പീഡിപ്പിച്ചവരാണെന്നും ഉറക്കെ പ്രഖ്യാപിച്ച് ജീസെൽ പെലികോ (72) പോരാടാനിറങ്ങിയപ്പോൾ പിറന്നത് അതിജീവിതകൾക്ക് ആത്മവിശ്വാസമേകുന്ന ചരിത്രം. മരുന്നുകൊടുത്ത് മയക്കിക്കിടത്തി അപരിചിതർക്ക് ബലാത്സംഗത്തിന് വിട്ടുകൊടുത്ത ഭർത്താവ് ഡൊമിനിക് പെലികോക്ക് (72) 20 വർഷം തടവുശിക്ഷ വിധിച്ച കോടതി ഉത്തരവ് അവർ ശാന്തമായാണ് കേട്ടത്.
തെറ്റു ചെയ്യാത്തവളുടെ ആത്മവിശ്വാസമുള്ളതിനാൽ ജീസെൽ പരസ്യവിചാരണ ആവശ്യപ്പെട്ടു. നൂറുകണക്കിന് പീഡനദൃശ്യങ്ങളുടെ പരസ്യപ്രദർശനമുൾപ്പെട്ട വിചാരണക്കൊടുവിലാണ് ഡൊമിനിക്കിനും 50 കൂട്ടുപ്രതികൾക്ക് മൂന്നു വർഷം മുതൽ 15 വർഷം വരെയും തടവുശിക്ഷ വിധിച്ചത്. സൂപ്പർമാർക്കറ്റിൽ സ്ത്രീകളുടെ ചിത്രമെടുത്തതിന് 2020ൽ പിടിയിലായ ഡൊമിനിക് പെലികോയെപ്പറ്റി പൊലീസ് കൂടുതൽ അന്വേഷിച്ചപ്പോഴാണ് കമ്പ്യൂട്ടറിൽ ചിട്ടയായി സൂക്ഷിച്ച ബലാത്സംഗ വിഡിയോകൾ കണ്ടെത്തിയത്. 2011- 20 കാലയളവിൽ ഓൺലൈനിൽ പരിചപ്പെട്ടവരെയാണ് ഡൊമിനിക് ഭാര്യയുമായി ശാരീരിക ബന്ധത്തിന് വിളിച്ചുകൊണ്ടുവന്നത്. കട്ടിലിലെ സ്ത്രീ ഉറക്കം നടിച്ചുകൊണ്ട് ലൈംഗികവേഴ്ചക്കു സമ്മതിക്കുകയായിരുന്നെന്നു കരുതിയെന്ന് ചില പ്രതികൾ കോടതിയിൽ പറഞ്ഞു.
‘‘വിചാരണക്ക് എല്ലാവരും സാക്ഷിയാകണമെന്ന് എനിക്ക് തോന്നി. തെറ്റു ചെയ്തവരാണല്ലോ ലജ്ജക്കേണ്ടത്. ഇതെല്ലാവർക്കും വേണ്ടിയുള്ള പോരാട്ടമാണ്. പരസ്പര ബഹുമാനം നിലനിൽക്കുന്ന നല്ല ഭാവി കണ്ടെത്താനുള്ള നമ്മുടെ ശേഷി സംബന്ധിച്ച് എനിക്കിപ്പോൾ ആത്മവിശ്വാസമുണ്ട്’’ ജീസെൽ പെലികോ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.