Mohammed Deif

മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്

ഗസ്സ സിറ്റി: തങ്ങളുടെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്‍റെ കമാൻഡർ മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ദൈഫിനെ വധിച്ചതായി കഴിഞ്ഞ വർഷം ജൂലൈയിൽ ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ജൂലൈ 13 ന് ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിൽ ദൈഫിനെ വധിച്ചെന്നാണ് ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നത്. എന്നാൽ, ഇക്കാര്യം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

1965ൽ ഖാൻ യൂനുസിലെ അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് മസ്‌രി എന്ന മുഹമ്മദ് ദൈഫിന്‍റെ ജനനം. ഗസ്സ ഇസ്‌ലാമിക് സര്‍വകലാശാലയില്‍നിന്ന് സയന്‍സില്‍ ബിരുദം നേടി. 1987ല്‍ ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് ഹമാസില്‍ ചേര്‍ന്നു. പിന്നീടാണ് മുഹമ്മദ് ദൈഫ് എന്ന പേര് സ്വീകരിച്ചത്. 1989ല്‍ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. 16 മാസം തടവിൽ കഴിഞ്ഞു.

അൽ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിലൊരാളാണ്. 2002ൽ ഖസ്സാം ബ്രിഗേഡിന്റെ തലപ്പത്തെത്തി. ഹമാസിന്‍റെ തുരങ്കങ്ങളുടെ ശൃംഖല വികസിപ്പിച്ചത് ദൈഫ് ആണെന്നാണ് കരുതപ്പെടുന്നത്.

നിരവധി തവണ ദൈഫിനെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചിട്ടുണ്ട്. ഒരു വധശ്രമത്തിൽ കണ്ണ് നഷ്ടപ്പെടുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. 2014 ആഗസ്റ്റിൽ ദൈഫിന്‍റെ ഭാര്യയേയും ഏഴു മാസം പ്രായമുള്ള മകനെയും ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയിരുന്നു.

ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുഹമ്മദ് ദൈഫ് ആണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.

Tags:    
News Summary - Hamas announces death of its military leader Mohammed Deif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.